കഴിഞ്ഞ ഒന്നര വർഷത്തിനിടെ കർണാടക സർക്കാർ 967 വ്യാജ ഡോക്ടർമാരെ കണ്ടെത്തി. ആരോഗ്യ വകുപ്പ് പുറത്തുവിട്ട 2023 സെപ്റ്റംബർ മുതല്‍ 2025 ജനുവരി വരെയുള്ള കണക്കാണിത്.2025 ഫെബ്രുവരി വരെ ജില്ല ആരോഗ്യ കുടുംബക്ഷേമ ഉദ്യോഗസ്ഥർ 449 വ്യാജ ഡോക്ടർമാർക്ക് നോട്ടീസ് നല്കി. 228 വ്യാജ ക്ലിനിക്കുകള്‍ അടച്ചുപൂട്ടി. 167 ക്ലിനിക്കുകള്‍ കൂടി പിടിച്ചെടുത്തു. 96 പേർക്ക് പിഴ ചുമത്തി. വിവിധ ജില്ല കോടതികളിലായി 70ല്‍ അധികം കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.ഏറ്റവും കൂടുതല്‍ വ്യാജ ഡോക്ടർമാരുള്ള ജില്ലകളില്‍ ബിദാർ (213), കോലാർ (115), തുമകുരു (112) എന്നിവ ഉള്‍പ്പെടുന്നു.
അതിർത്തി പ്രദേശങ്ങളായതിനാല്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള വ്യക്തികള്‍ക്ക് താല്‍ക്കാലിക പ്രാക്ടീസുകള്‍ സ്ഥാപിക്കുന്നത് എളുപ്പമാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വിവേക് ദൊരൈ അഭിപ്രായപ്പെട്ടു. ബംഗളൂരുവില്‍ കാണുന്ന ആരോഗ്യ സൗകര്യങ്ങളുടെ കേന്ദ്രീകരണവും ഈ പ്രദേശങ്ങളിലില്ല. ആരോഗ്യ ഉദ്യോഗസ്ഥർക്ക് അമിത ജോലിഭാരമുണ്ട്. ബംഗളൂരുവിലെ എല്ലാ സ്ഥാപനങ്ങളിലും അവർക്ക് പരിശോധന നടത്താൻ കഴിയില്ല. പക്ഷേ, മറ്റ് ജില്ലകളില്‍ മൊത്തം സ്ഥാപനങ്ങളുടെ എണ്ണം കുറവായതിനാല്‍ പരിശോധന നടത്തുന്നത് എളുപ്പമാണ്.
വ്യാജ ഡോക്ടർമാരുടെ പട്ടികയില്‍ യോഗ്യതയില്ലാത്തവരും കർണാടക പ്രൈവറ്റ് മെഡിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് (കെ.പി.എം.ഇ) ആക്ട് പ്രകാരം യോഗ്യതയുള്ളവരാണെങ്കിലും രജിസ്റ്റർ ചെയ്തിട്ടില്ലാത്തവരും ഉള്‍പ്പെടുന്നു.ക്രോസ് പ്രാക്ടീസ് പോലുള്ള പരിശീലനം ലഭിച്ച മേഖലക്ക് പുറത്ത് വൈദ്യശാസ്ത്രം പരിശീലിക്കുന്ന വ്യക്തികള്‍, കെ.പി.എം.ഇ നിയന്ത്രണങ്ങള്‍ പാലിക്കാത്തവർ എന്നിവയും ഈ വിഭാഗത്തിലുണ്ട്. ഡി-ഗ്രൂപ് ജീവനക്കാർ പോലുള്ള സപ്പോർട്ട് സ്റ്റാഫായി ജോലി ചെയ്യുന്ന ചില വ്യക്തികള്‍ പിന്നീട് വ്യാജരേഖകള്‍ ചമച്ചതിനുശേഷമോ ഏതെങ്കിലും ചെറിയ സ്ഥാപനത്തില്‍നിന്ന് ജനറല്‍ ബിരുദം നേടിയതിനുശേഷമോ സ്വന്തം പ്രാക്ടീസുകള്‍ സ്ഥാപിച്ചേക്കാം എന്ന് അദ്ദേഹം വിശദീകരിച്ചു.