മൈസൂരു കാണാനെത്തുന്ന മലയാളി വിനോദസഞ്ചാരികള്‍ക്ക് കാലങ്ങളായുള്ള ദുരിതമാണ് ഭാരിച്ച റോഡുനികുതി. വർഷങ്ങളായുള്ള ഈ നികുതിഭാരം അറുതിയില്ലാതെ ഇപ്പോഴും തുടരുകയാണ്.34 മുതല്‍ 49 സീറ്റുവരെയുള്ള വാഹനങ്ങള്‍ക്ക് 16,170 രൂപയും 17 മുതല്‍ 34 സീറ്റുവരെയുള്ളതിന് 11,320 രൂപയുമാണ് നികുതി. 12 പേർക്ക് യാത്രചെയ്യാവുന്ന ടെമ്ബോ ട്രാവലറിന് 1016 രൂപയും നികുതിയടയ്ക്കണം.ഇതിനുപുറമെ 2000 മുതല്‍ 2500 രൂപവരെ അധികതുകയും ബസുകാരില്‍നിന്ന് ആർ.ടി.ഒ. ഉദ്യോഗസ്ഥർ ഈടാക്കും. ഇതിന് കൃത്യമായ രസീത് നല്‍കാത്തതിനാല്‍ പരാതിപ്പെടാനും സാധിക്കില്ലെന്ന് ഡ്രൈവർമാർ പറയുന്നു.
കൂടുതല്‍ തുകനല്‍കാൻ വിസമതിച്ചാല്‍ നിസ്സാരകാരണങ്ങളും പരിശോധനയുടെപേരുംപറഞ്ഞ് വാഹനങ്ങള്‍ മണിക്കൂറുകളോളം തടഞ്ഞുവെക്കുമെന്ന് ടൂർ ഓപ്പറേറ്റർമാർ പറയുന്നു.കർണാടകയിലേക്കുമാത്രമായുള്ള ഈ വൻതുകയുടെ നികുതി സഞ്ചാരികള്‍ക്ക് വലിയ തിരിച്ചടിയാണ്. സ്കൂളുകളില്‍നിന്നുള്ള വിനോദയാത്രാസംഘത്തിന് ഇത്രയും ഭീമമായ നികുതി വൻഭാരമാണ് വരുത്തുന്നത്. എന്നാല്‍, തമിഴ്നാട്ടിലേക്കുപോകാൻ കേരളത്തില്‍നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് 460 രൂപയുടെ പെർമിറ്റ് മാത്രമാണ് ആവശ്യം.അതിനാല്‍ പല സ്കൂള്‍, കോളേജ് അധികൃതർ മിക്കപ്പോഴും മൈസൂരു ഒഴിവാക്കി ഇപ്പോള്‍ ഊട്ടി യാത്ര തിരഞ്ഞെടുക്കയാണെന്ന് കണ്ണൂർ ഗ്രാമ ട്രാവല്‍സ് ഉടമ വി. പ്രമോദ് പറയുന്നു.
ഇതിനുപുറമെ മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്കുസമീപവും അനാവശ്യമായി പോലീസ് പിഴയീടാക്കുന്നതായും കേരളത്തില്‍നിന്നുള്ള ഡ്രൈവർമാരുടെ പരാതിയാണ്. നിസ്സാരകാരണങ്ങള്‍ക്ക് വൻതുകയാണ് പിഴയായി ഈടാക്കുക. നല്‍കുന്ന പണത്തിന്റെ പകുതിത്തുകയ്ക്കുമാത്രമാണ് രസീത് നല്‍കുകയെന്നും കേരളത്തില്‍നിന്നുള്ള ഡ്രൈവർമാർ പറയുന്നു.
പ്രതീക്ഷയേകി ഉഡാൻ സർവീസ് : വിനോദസഞ്ചാരമേഖലയ്ക്ക് പുതിയ പ്രതീക്ഷയേകുകയാണ് കേരളത്തില്‍നിന്ന് മൈസൂരുവിലേക്കുള്ള ഉഡാൻ വിമാനസർവീസ് പ്രഖ്യാപനം. മേയ് പകുതിയോടെ മൈസൂരു-കൊച്ചി വിമാനസർവീസ് പ്രഖ്യാപിച്ച് തങ്ങളുടെ സംരംഭം ആരംഭിക്കുമെന്ന് എയർ കേരള അധികൃതർ അറിയിച്ചിരുന്നു. ഇതോടെ മൈസൂരു വിമാനത്താവളത്തില്‍നിന്ന് മുടങ്ങിയ മൈസൂരു-കൊച്ചി സർവീസ് പുനരാരംഭിക്കാനുള്ള സാധ്യതയേറിയിരിക്കുകയാണ്.സാധാരണക്കാർക്കും വിമാനയാത്ര സാധ്യമാകുക എന്നലക്ഷ്യത്തോടെ കേന്ദ്രസർക്കാർ 2016 ഒക്ടോബർ 21-നാണ് ഉഡാൻ വിമാനസർവീസ് പദ്ധതിക്ക് തുടക്കമിട്ടത്.
വിമാനസർവീസ് കുറഞ്ഞ വിമാനത്താവളങ്ങളില്‍നിന്ന് പ്രാദേശിക ഇടങ്ങളിലേക്കുള്ള കണക്റ്റിവിറ്റി കൂടുതല്‍ മെച്ചപ്പെടുത്തിയതും സാധാരണക്കാർക്ക് താങ്ങാനാവുന്ന വിമാനയാത്രയൊരുക്കിയതും ഉഡാന്റെ നേട്ടങ്ങളാണ്.2017-ല്‍ ഉഡാൻ പദ്ധതി ആരംഭിച്ചപ്പോള്‍, ബെംഗളൂരു, ബെളഗാവി, ഗോവ, കൊച്ചി എന്നിവിടങ്ങളിലേക്കെല്ലാം മൈസൂരുവില്‍നിന്ന് വിമാനസർവീസുകള്‍ നടത്തിയിരുന്നു.മൈസൂരു-കൊച്ചി സർവീസ് ലാഭകരമായിരുന്നു. എന്നാല്‍, വിമാനങ്ങളുടെ കുറവുമൂലം സർവീസ് 2023-ന്റെ തുടക്കത്തില്‍ നിർത്തിവെച്ചിരുന്നു. ഗോവ സർവീസ് 2024 ഫെബ്രുവരിയിലും അവസാനിച്ചു.
നിലവില്‍, ഹൈദരാബാദിലേക്കും ചെന്നൈയിലേക്കുമാണ് മൈസൂരുവില്‍നിന്നുള്ള സർവീസ്. ഉഡാൻ പദ്ധതി കൂടുതല്‍ പരിഷ്കരിക്കുമെന്ന കേന്ദ്രബജറ്റിലെ പ്രഖ്യാപനം മൈസൂരു വിമാനത്താവളത്തില്‍നിന്ന് കേരളത്തിലേക്കുള്ള സർവീസുകള്‍ക്ക് വീണ്ടും പ്രതീക്ഷയേകുന്നതാണെന്നാണ് സഞ്ചാരികളുടെ വിലയിരുത്തല്‍.മൈസൂരുവില്‍നിന്ന് കേരളത്തിലേക്ക് കൂടുതല്‍ സർവീസുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ. റാം മോഹൻ നായിഡു കഴിഞ്ഞമാസം സുവർണ കർണാടക കേരള സമാജം ഭാരവാഹികള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. കൊച്ചിക്കുപുറമെ കോഴിക്കോട്, തിരുവനന്തപുരം സർവീസുകള്‍ക്കും മൈസൂരുവില്‍നിന്ന് ആവശ്യക്കാരേറെയാണെന്ന് മൈസൂരു ട്രാവല്‍സ് അസോസിയേഷൻ പ്രസിഡന്റ് ബി.എസ്. പ്രശാന്ത് പറഞ്ഞു.