ബെംഗളൂരുവിന്റെ വികസനത്തെ മൊത്തത്തിൽ മാറ്റിമറിക്കുന്ന ഒന്നാണ് ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേ. മൂന്നു സംസ്ഥാനങ്ങളിലൂടെ, പരസ്പര സഹകരണവും വളർച്ചയും ഉറപ്പാക്കുന്ന അതിവേഗ പാത വളരെ വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കുകയാണ്. ആറു മുതൽ ഏഴു മണിക്കൂർ വരെ വേണ്ടിവന്നിരുന്ന യാത്രകൾ പാതി സമയത്തിലേക്ക് ചുരുക്കുന്ന ഈ പാത യാത്രക്കാർക്കും വലിയ അനുഗ്രഹമാണ്.ഇപ്പോഴിതാ, ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേയിൽ കർണ്ണാടകയുടെ ഭാഗമായ 68 കിലോമീറ്റർ ദൂരം അധികൃതർ യാത്രക്കാർക്കായി തുറന്നുകൊടുത്തിരിക്കുകയാണ്.
ഹോസ്കോട്ടിനും കെജിഎഫിനും (ബേതമംഗല) ഇടയിലുള്ള 68 കിലോമീറ്റർ ഭാഗമാണ് അനൗദ്യോഗികമായി ഗതാഗതത്തിനായി തുറന്നുകൊടുത്തത്. 1,600 മുതൽ 2,000 വരെ വാഹനങ്ങൾ ഈ പാതയിലൂടെ ദിവസവും കടന്നുപോകുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.ഈ പാത മാസങ്ങൾക്കു മുവൻപു തന്നെ യാത്രക്കാർക്കായി തുറന്നിരുന്നുവങ്കിലും ആളുകൾ അറിഞ്ഞ് ഉപയോഗിക്കുവാൻ തുടങ്ങിയതേയുള്ളൂ.ഹോസ്കോട്ടിനും കെജിഎഫിനും ഇടയിലുള്ള 68 കിലോമീറ്റർ ദൂരം ഇപ്പോൾ യാത്രക്കാർക്ക് ടോൾ കൊടുക്കാതെ സഞ്ചരിക്കാം.
യാത്രക്കാർക്ക് ഗ്രാമീണ റോഡുകൾ വഴി എക്സിറ്റി ചെയ്ത് മുൽബാഗലിലേക്കും ആന്ധ്രാപ്രദേശ് അതിർത്തിയിലേക്കും പുറത്തിറങ്ങാൻ സാധിക്കും. വെറുതേ ഒരു ഡ്രൈവ് പോകാൻ ആഗ്രഹിക്കുന്നവർക്കും വാരാന്ത്യ യാത്രകൾക്ക് ഇടങ്ങൾ തേടുന്നവർക്കും ഒക്കെ പറ്റിയ ഒരു യാത്രയായി ഇതിനെ മാറ്റിയെടുത്താം.ആകെ 260 കിലോമീറ്റർ ദൈർഘ്യമുള്ള ഈ നാലുവരി എക്സ്പ്രസ് വേയ്ക്ക് കർണ്ണാടകയിൽ 71 കിമി ദൂരമാണുള്ളത്. ഹൊസ്കോട്ട് മുതൽ മാലൂർ വരെയുള്ള 27.1 കിലോമീറ്റർ, മാലൂർ മുതൽ ബംഗാർപേട്ട് വരെയുള്ള 27.1 കിലോമീറ്റർ, ബംഗാർപേട്ട് മുതൽ ബേതമംഗല വരെയുള്ള 17.5 കിലോമീറ്റർ എന്നിങ്ങനെയാണ് മൂന്നു ഘട്ടങ്ങൾ.
ഇതിൽ ആകെ 68 കിലോമീറ്റർ ദൂരം നിർമ്മാണം പൂർത്തിയാക്കി ഇനി ബാക്കിയുള്ള മൂന്ന് കിലോമീറ്റർ മറ്റു സംസ്ഥാനങ്ങളുടെ പണികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ വർഷാവസാനത്തോടെ തുറന്നു കൊടുക്കും. ആന്ധ്രാ പ്രദേശിലൂടെ 85 കിലോമീറ്ററും തമിഴ്നാട്ടിലൂടെ 106 കിലോമീറ്ററും പാത കടന്നു പോകുന്നുണ്ട്.നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിർമ്മിക്കുന്ന ഈ അതിവേഗ പാതയിസൂടെ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാം. ബെംഗളൂരുവിലെ ഹൊസ്കോട്ടയിൽ നിന്ന് തുടങ്ങി ദൊബാസ്പേട്ട്, കോലാർ, കെജിഎഫ്, ചിറ്റൂർ, വെല്ലൂർ, റാണിപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ വഴി ശ്രീപെരുമ്പത്തൂർ എത്തുന്ന വിധത്തിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ നിര്‍മ്മിക്കുന്നത്
ബൈക്കുകൾ, ഓട്ടോറിക്ഷകൾ, ട്രാക്ടറുകൾ: അതിവേഗ പാതകളിൽ ബൈക്കുകൾ, ഓട്ടോറിക്ഷകൾ, ട്രാക്ടറുകൾ തുടങ്ങിയവയ്ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് വേയിലും ഇതേ നിയമം തുടരും. എന്നാൽ നിലവിൽ ടോൾ പിരിവ് തുടങ്ങുന്നതു വരെ എല്ലാത്തരം വാഹനങ്ങൾക്കും ഇപ്പോൾ ഇതുവഴി പോകാം. കർണ്ണാടകയിൽ മാത്രം രണ്ട് ടോൾ പ്ലാസകൾ സ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.