ബംഗളൂരു: ഗുല്‍ബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് (ജിംസ്) ആശുപത്രിയിലെ ഡോക്ടർമാർ പ്രസവ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റില്‍ സർജിക്കല്‍ മോപ്പും പഞ്ഞിയും മറന്നുവെച്ചതായി ആരോപണം.ശസ്ത്രക്രിയക്കുശേഷം യുവതിക്ക് വയറുവേദനയുണ്ടെന്ന് പരാതിപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ അശ്രദ്ധ പുറത്തുവന്നത്. ഈ മാസം അഞ്ചിനാണ് ഗർഭിണിയായ ഭാഗ്യശ്രീക്ക് ശസ്ത്രക്രിയ നടത്തിയത്. ആഴ്ച കഴിഞ്ഞപ്പോള്‍ യുവതിക്ക് വയറുവേദന അനുഭവപ്പെടാൻ തുടങ്ങി. സ്കാനിങ്ങിന് വിധേയയായപ്പോഴാണ് ഡോക്ടർമാരുടെ അശ്രദ്ധ വെളിച്ചത്തുവന്നത്.
പിന്നീട് അഫ്സല്‍പൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അവർക്ക് മറ്റൊരു ശസ്ത്രക്രിയ നടത്തി വയറ്റില്‍നിന്ന് സർജിക്കല്‍ മോപ്പും പഞ്ഞിയും നീക്കം ചെയ്തു. എന്നാല്‍, ജിംസ് ആശുപത്രിയിലെ ഡോക്ടർമാർ ആരോപണങ്ങള്‍ നിഷേധിച്ചു. പ്രസവശേഷം രക്തസ്രാവം നിർത്താൻ രോഗിയുടെ വയറ്റില്‍ ഒരു പാഡ് ഘടിപ്പിച്ചതായി ജില്ല സർജൻ ഡോ. അസ്ന ബേഗ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചു.രണ്ടുദിവസത്തിന് ശേഷം അത് നീക്കം ചെയ്യാൻ രോഗി തിരിച്ചെത്തേണ്ടതായിരുന്നു. പക്ഷേ, അവർ എത്തിയില്ലെന്ന് ഡോക്ടർ പറഞ്ഞു. രോഗി നിലവില്‍ സുഖമായിരിക്കുന്നുവെന്നും സങ്കീർണതകളൊന്നും നേരിടുന്നില്ലെന്നും ഡോ. ബേഗ് കൂട്ടിച്ചേർത്തു.
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റില്‍ കൈയ്യുറ കഷണങ്ങള്‍; വിദഗ്ധ സംഘം : മംഗളൂരു: സ്വകാര്യ ആശുപത്രിയില്‍ സിസേറിയൻ പ്രസവത്തിനുശേഷം സ്ത്രീയുടെ വയറ്റിനുള്ളില്‍ സർജിക്കല്‍ കൈയ്യുറ കഷണങ്ങള്‍ അവശേഷിച്ചുവെന്ന ആരോപണം അന്വേഷിക്കാൻ ആറ് ഉദ്യോഗസ്ഥരും ഡോക്ടർമാരും അടങ്ങുന്ന സംഘം ചൊവ്വാഴ്ച പുത്തൂർ സന്ദർശിച്ചു. ദക്ഷിണ കന്നട ജില്ല ആരോഗ്യ കുടുംബക്ഷേമ ഓഫിസറുടെ നേതൃത്വത്തിലുള്ളതാണ് അന്വേഷണ സംഘം. ആഴ്ചക്കുള്ളില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ക്കായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിക്കും.
സംഭവം നടന്ന പുത്തൂരിലെ ആശുപത്രി തങ്ങള്‍ സന്ദർശിച്ച് ഡോക്ടർമാരെ ചോദ്യം ചെയ്തതായി ജില്ല ആരോഗ്യ ഓഫിസർ ഡോ. തിമ്മയ്യ പറഞ്ഞു. ആശുപത്രിയില്‍നിന്നുള്ള വിവരങ്ങളും ശേഖരിച്ചു. സ്കാൻ ചെയ്തപ്പോള്‍ കൈയ്യുറ ഭാഗം നീക്കം ചെയ്ത മറ്റൊരു ആശുപത്രിയും ഞങ്ങള്‍ സന്ദർശിച്ചു. കഴിഞ്ഞ വർഷം നവംബർ 27നാണ് ഗഗൻദീപിന്റെ ഭാര്യ ശരണ്യ ലക്ഷ്മിയെ പ്രസവത്തിനായി പുത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കുശേഷം ഡിസംബർ രണ്ടിന് അവരെ ഡിസ്ചാർജ് ചെയ്തു. എന്നാല്‍, കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വയറുവേദന അനുഭവപ്പെടാൻ തുടങ്ങി. പിന്നീട് നടത്തിയ സ്കാനിങ്ങില്‍ കൈയ്യുറ സാന്നിധ്യം കണ്ടെത്തി. പിന്നീട് മറ്റൊരു ആശുപത്രിയില്‍ നിന്ന് അത് നീക്കം ചെയ്തതായി ഗഗൻദീപ് ആരോപിച്ചു.