ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഉത്തരേന്ത്യൻ യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത മലപ്പുറം സ്വദേശി കുടുങ്ങിയത് രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ.മലപ്പുറം സ്വദേശി അഹമ്മദ് നിഷാം (25)നെ ഈജിപ്തിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. ഹരിയാന പൊലീസും സൈബർ ക്രൈം വിഭാഗവും നടത്തിയ നീക്കത്തിനൊടുവിലാണ് അഹമ്മദ് നിഷാം പിടിയിലായത്. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിനിയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ’ എന്ന വ്യാജേനയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇയാള്‍ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. ഇതിന് പിന്നാലെയാണ് ഇയാള്‍ പണം വാങ്ങിയതെന്നും യുവതി ആരോപിക്കുന്നു. ജനുവരി 31നാണ് യുവതി ഹരിയാനയിലെ ഗുരുഗ്രാം സൈബർ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അഹമ്മദ് നിഷാം ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നായിരുന്നു യുവതിയുടെ പരാതി.
തുടർന്ന്, ഗുരുഗ്രാം സൈബർ ക്രൈംബ്രാഞ്ച് നിഷാമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തു. അതോടെയാണ്, ദുബായ് വഴി ഈജിപ്തിലേക്കു കടക്കാൻ നിഷാം ശ്രമിച്ചത്. ഇമിഗ്രേഷൻ പരിശോധനയ്ക്കിടെ പ്രതിയെ തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്ത് ഹരിയാനയിലേക്കു കൊണ്ടുപോയി.