നടൻ ബാലയ്ക്കെതിരെ കേസ് എടുത്ത് പോലീസ്. ഗായികയും ബാലയുടെ മുൻ ഭാര്യയുമായ അമൃത സുരേഷിന്റെ പരാതിയിലാണ് കേസ്. വിവാഹമോചന കരാറിൽ വ്യാജ ഒപ്പിട്ടെന്നും മകളുടെ പേരിലുള്ള ഇന്‍ഷുറൻസിൽ തിരിമറി നടത്തിയെന്നുമുള്ള കുറ്റങ്ങളാണ് ബാലയ്ക്കെതിരെ ഉള്ളത്. നേരത്തെയും ബാലക്കെതിരെ കേസ് എടുത്തിരുന്നു.എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കോടതി രേഖകളിൽ കൃത്രിമം കാണിച്ചെന്നാണ് അമൃതയുടെ പരാതി. നേരത്തെ സോഷ്യൽ മീഡിയയിൽ തന്നെ അപകീർത്തിപ്പെടുത്തിയെന്ന അമൃതയുടെ പരാതിയിൽ ബാലയെ അറസ്റ്റ് ചെയ്തിരുന്നു.
മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമർശങ്ങൾ അറസ്റ്റിന് കാരണമായിരുന്നു.ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരും കേസിലെ പ്രതികളായിരുന്നു. വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെൻ്റിൽ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയുണ്ട്. കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, മകളുടെ പേരിലുള്ള ഇൻഷുറൻസിലും തിരിമറി കാണിച്ചു പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു, ഇൻഷുറൻസ് തുക പിൻവലിച്ചു, ബാങ്കിൽ മകൾക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിൻവലിച്ചു, വ്യാജ രേഖയുണ്ടാക്കി ബാല കോടതിയെ തെറ്റിദ്ധരിപ്പിച്ചു’ തുടങ്ങിയ പരാതികളാണ് അമൃത ബാലയ്ക്കെതിരെ നൽകിയത്.
അമൃത മുൻഭർത്താവിനെതിരെ ഉന്നയിച്ച പുതിയ ആരോപണം ഇങ്ങനെയാണ്… ‘കേസുമായി ബന്ധപ്പെട്ട് ബാലയുടെ ഭാഗത്തു നിന്നും കുറച്ച് രേഖകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആ രേഖകള്‍ വീണ്ടും പരിശോധിച്ചപ്പോള്‍ ഞങ്ങളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട രേഖകളില്‍ ഒരു രേഖ മുഴുവനും വേറെയായി കണ്ടു. അതിലുള്ള എന്റെ ഒപ്പിനും മാറ്റമുണ്ട്. ആ രേഖയില്‍ പറയുന്നത് മോളുടെ പേരിലുള്ള ഇന്‍ഷുറന്‍സിനെ കുറിച്ചായിരുന്നു. മകള്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ മാത്രമേ പിന്‍വലിക്കാന്‍ പാടുള്ളൂ എന്നാണ് ആ രേഖയില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ ഭാഗം മിസ്സിങ് ആണെന്നാണ് പരിശോധിച്ചപ്പോള്‍ മനസിലായത്. അതായത് ആ പേജ് മുഴുവന്‍ കൃത്രിമത്വം കാണിച്ചിരിക്കുകയാണ്
അതിലൊരു സംശയം തോന്നി ബാങ്കില്‍ വിളിച്ചപ്പോഴാണ് ഇന്‍ഷുറന്‍സ് സറണ്ടര്‍ ചെയ്യുകയും അക്കൗണ്ടിലെ പണം പൂര്‍ണമായും പിന്‍വലിക്കുകയും ചെയ്തെന്ന് അറിയുന്നത്. കേസ് നടന്നു കൊണ്ടിരിക്കുന്നതിനാല്‍ കേസുമായി മുന്നോട്ട് പോകാമെന്നാണ് നിയമോപദേശം. മാത്രമല്ല മകളുടെ പേരില്‍ ബാല കൊടുക്കാമെന്ന് ഏറ്റ തുക എത്രയാണെന്നും ഗായിക വെളിപ്പെടുത്തിയിരിക്കുകയാണ്. വിവാഹമോചന കരാര്‍ പ്രകാരം 15 ലക്ഷം രൂപ മകളുടെ പേരില്‍ ഇടും എന്നാണ് പറഞ്ഞിരുന്നത്. അതില്‍ കൂടുതല്‍ പണമോ സ്വത്തോ ഒന്നും വാങ്ങിയിട്ടില്ലെന്നും മകളുടെ പേരില്‍ 15 ലക്ഷം രൂപയുടെ എഫ്ഡിയും ഒരു ലക്ഷം രൂപ വീതം ഏഴ് വര്‍ഷത്തേക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സുമാണുള്ളതെന്നും,’ അമൃത വ്യക്തമാക്കിയിരിക്കുന്നത്.