വിമാന യാത്ര ചെയ്യണമെന്ന തൊഴിലാളികളുടെ ആഗ്രഹം നിറവേറ്റി കൊടുത്ത് കർഷകൻ. കർണാടകയിലെ വിജയനഗര ജില്ലയില്‍ നിന്നുള്ള വിശ്വനാഥ് എന്ന കർഷകനാണ് സ്വന്തം തൊഴിലാളികളുമായി വിമാന യാത്ര ചെയ്തത്.ശിവമോഗ വിമാനത്താവളത്തില്‍ നിന്നും ഗോവയിലേക്കായിരുന്നു ഇവരുടെ ട്രിപ്പ്.പത്ത് സ്ത്രീ തൊഴിലാളികളായിരുന്നു യാത്രിയില്‍ ഉണ്ടായിരുന്നത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും വിമാനത്തില്‍ കയറണം എന്ന ആഗ്രഹം ഇവർ വിശ്വനാഥുമായി പങ്കുവെച്ചിരുന്നു.
ഇത് കേട്ട വിശ്വനാഥ് ആ ആഗ്രഹം സഫലമാക്കി കൊടുക്കുകയായിരുന്നു. വിശ്വനാഥന്റെ കവുങ്ങ്, പച്ചക്കറി തോട്ടങ്ങളില്‍ വർഷങ്ങളായി ജോലി ചെയ്യുന്നവരാണിവർ. സ്വന്തം തൊഴിലാളികളുടെ ആഗ്രഹം നിറവേറ്റിക്കൊടുത്തതില് വിശ്വനാഥിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തുന്നത്.
‘ഷോ കാണിക്കേണ്ട’; കൂളിങ് ഗ്ലാസ് ഊരിമാറ്റാൻ വിസമ്മതിച്ചതിന് മര്‍ദ്ദനം; കോഴിക്കോട്ടും റാഗിങ് പരാതി
കൂളിങ് ഗ്ലാസ് വെച്ചതിന് മർദ്ദിച്ചുവെന്ന പരാതിയുമായി വിദ്യാർഥി. കോഴിക്കോട് ഹോളിക്രോസ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയും ഒളവണ്ണ സ്വദേശിയുമായ വിഷ്ണുവാണ് മൂന്നാം വർഷ വിദ്യാർഥികള്‍ റാഗ് ചെയ്തതായി പരാതി നല്‍കിയത്.പരാതിയില്‍ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം നടന്ന കോളേജ് ഡേ പരിപാടിക്കിടെയാണ് സംഭവം. കൂളിങ് ഗ്ലാസ് ധരിച്ചാണ് വിഷ്ണു പരിപാടിക്കെത്തിയത്. ഇതില്‍ ചില മൂന്നാം വർഷ വിദ്യാർഥികള്‍ എതിർപ്പ് പ്രകടിപ്പിച്ചു. ഗ്ലാസ് ഊരി മാറ്റാൻ പറഞ്ഞപ്പോള്‍ വിഷ്ണു വിസമ്മതിച്ചു.
ഇതിന് പിന്നാലെ തന്നെ മർദിച്ചെന്നാണ് നടക്കാവ് പോലീസില്‍ നല്കിയ പരാതി. ‘ഷോ കാണിക്കേണ്ട’ എന്ന് പറഞ്ഞ് കൂളിങ് ഗ്ലാസ് മൂന്നാം വർഷ വിദ്യാർഥികള്‍ തന്നെ ഊരിമാറ്റിയെന്നും പരാതിയില്‍ പറയുന്നു. മർദ്ദനത്തില്‍ വിഷ്ണുവിന്റെ തലയ്ക്ക് പിന്നിലും വലതുകാലിന്റെ തുടയിലും പരിക്കുപറ്റിയിട്ടുണ്ട്.മൂന്നാം വർഷ വിദ്യാർത്ഥികളായ മുഹമ്മദ് സിനാൻ, ഗൗതം എന്നിവരെ കോളേജില്‍നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ആന്റി റാഗിങ് സെല്ലിന് റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. മുഹമ്മദ് സിനാൻ, ഗൗതം എന്നിവർ ഉള്‍പ്പെടെ ആറുപേർക്കെതിരെയാണ് നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.