മുഡ ഭൂമി അഴിമതി കേസില്‍ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ ബിഎം പാർവതിക്കും ക്ലീൻ ചിറ്റ് നല്കി ലോകായുക്ത.കേസില്‍ സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാനായി ഹൈക്കോടതി ലോകായുക്തക്ക് ജനുവരി 28 വരെ സമയം അനുവദിച്ചിരുന്നു. തെളിവുകളുടെ അഭാവം മൂലമാണ് ലോകായുക്ത ഇവർക്ക് ക്ലീൻ ചിറ്റ് നല്‍കിയത്.2024 ഒക്ടോബറിലാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യ ബിഎം പാർവതിയും സഹോദരൻ ബിഎം മല്ലികാർജുനസ്വാമിയും പ്രതികളായ മുഡ ഭൂമി അഴിമതി കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്.
ഇതിനുശേഷം ഇഡി മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കുകയും കർണാടകയിലുടനീളമുള്ള അദ്ദേഹത്തിന്റെ അടുത്ത അനുയായികളുടെ ഓഫീസുകളിലും വസതികളിലും റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.സിദ്ധരാമയ്യയുടെ ഭാര്യക്ക് മുഡയുടെ കീഴിലുള്ള ഭൂമി മൈസൂരുവില്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നുവന്നത്. അതേസമയം, മുഡ കേസ് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ആരോപണമാണെന്നായിരുന്നു സിദ്ധരാമയ്യയുടെ വാദം. മൈസുരു അർബൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ (മുഡ) യുടെ ഭൂമി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് അനധികൃതമായി നല്‍കിയെന്ന ആരോപണമാണ് കേസിന് അടിസ്ഥാനമായത്.
എന്നാല്‍, തന്റെ ഭാര്യയുടെ പേരില്‍ മൈസൂരുവിലുള്ള ഭൂമി മൈസൂരു നഗര വികസന അതോറിറ്റി (മുഡ) പൂർണ നടപടിക്രമങ്ങള്‍ പാലിക്കാതെ ഏറ്റെടുക്കുകയും ലേഔട്ട് രൂപപ്പെടുത്തി പ്ലോട്ടുകളാക്കി വില്‍ക്കുകയും ചെയ്തെന്നും നഷ്ടപ്പെട്ട ഭൂമിക്ക് തുല്യമായി 14 ഇടങ്ങളില്‍ പ്ലോട്ട് അനുവദിക്കുകയും ചെയ്തെന്നും സിദ്ധരാമയ്യ പറയുന്നു.കേസില്‍ സിദ്ധരാമയ്യ ഒന്നും ഭാര്യ ബി.എം. പാർവതി, ഭാര്യ സഹോദരൻ ബി. മല്ലികാർജുന സ്വാമി, വിവാദ ഭൂമിയുടെ പഴയ ഉടമ എ. ദേവരാജ് എന്നിവർ യഥാക്രമം രണ്ടു മുതല്‍ നാലുവരെയും പ്രതികളാണ്. 1988ലെ അഴിമതി തടയല്‍ നിയമം, ഇന്ത്യൻ ശിക്ഷാനിയമം, ബിനാമി ആക്ട്, 2011ലെ കർണാടക ഭൂമി പിടിച്ചെടുക്കല്‍ നിരോധന നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാല്‍ കേസിലെ 4 പ്രതികള്‍ക്കെതിരെയും തെളിവുകളില്ലെന്നാണ് ലോകായുക്തയുടെ റിപ്പോർട്ട്.