ഒൻപതുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സീനിമ- സീരിയല്‍ നടന് 136 വർഷം കഠിന തടവും പിഴയും. കങ്ങഴ സ്വദേശി എം.കെ റെജിയെ (52) ആണ് കോടതി ശിക്ഷിച്ചത്.1,97,500 രൂപ പിഴ നല്‍കാനും കോടതി നിർദ്ദേശിച്ചു. ഈരാറ്റുപേട്ട് ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി റോഷൻ തോമസിന്റേതാണ് വിധി.സീരിയില്‍ നടിയ്ക്കൊപ്പം സിനിമ ഷൂട്ടിംഗ് കാണാൻ എത്തിയ കൊച്ചുമകളെയാണ് റെജി പീഡിപ്പിച്ചത്. 2023 ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സീരിയല്‍ ചിത്രീകരിക്കുന്നതിനിടെ മഴ പെയ്തു. ഇതോടെ ലൊക്കേഷനില്‍ നിന്നും പോയ മുത്തശ്ശിയുടെ അടുത്ത് പോകണമെന്ന് കുട്ടി വാശിപിടിച്ചു.
തുടർന്ന് ഇയാള്‍ മുത്തശ്ശിയുടെ അടുത്തേയ്ക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കുട്ടിയെ വാനില്‍ കയറ്റി ഈരാട്ടുപേട്ടയില്‍ ഷൂട്ടിംഗിനായി വാടകയ്ക്ക് എടുത്ത വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.ഇവിടെയെത്തിച്ച് കുട്ടിയെ ഇയാള്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇതോടെ പെണ്‍കുട്ടി അവശയായി. തുടർന്ന് പെണ്‍കുട്ടിയെ ചങ്ങനാശ്ശേരിയിലെ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടി ബലാത്സംഗത്തിന് ഇരയായതായി വ്യക്തമായത്.ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് റെജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിടനാട് എസ്എച്ച്ഒ ആയിരുന്ന കെ.കെ പ്രശോകാണ് അന്വേഷണം നടത്തിയത്.
കുറ്റപത്രം കഴിഞ്ഞ വർഷം കോടതിയില്‍ നല്കി. ഇതിലെ വിവരങ്ങള്‍ ഗൗരവത്തോടെ പരിഗണിച്ചുകൊണ്ടായിരുന്നു കോടതി 136 വർഷത്തെ തടവിന് ശിക്ഷിച്ചത്.സിനിമയിലേക്ക് ജൂനിയർ ആർട്ടിസ്റ്റുകളെ എത്തിക്കുന്ന ആള് കൂടിയാണ് റെജി. പ്രതി നല്കുന്ന പിഴയില്‍ നിന്നും 1,75,00 രൂപ കുട്ടിയ്ക്ക് നല്‍കും. സംഭവത്തില്‍ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലേയും വിവിധ വകുപ്പുകള്‍ പ്രകാരം ആണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. കേസില്‍ 39 സാക്ഷികളെ വിസ്തരിച്ചു. 36 രേഖകളും ഹാജരാക്കി.