Home Featured ബെംഗളൂരു: മൈക്രോഫിനാൻസ് ; ധാർവാഡിൽ 25 കേസുകൾ രജിസ്റ്റർചെയ്തു

ബെംഗളൂരു: മൈക്രോഫിനാൻസ് ; ധാർവാഡിൽ 25 കേസുകൾ രജിസ്റ്റർചെയ്തു

by admin

ബെംഗളൂരു: കർണാടകത്തിൽ വായ്പക്കാരെ പീഡിപ്പിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ നടപടി കർശനമാക്കി. ധാർവാഡ് ജില്ലയിൽ ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പുക്കാരെ പ്രതികളാക്കി 25 കേസുകൾ രജിസ്റ്റർചെയ്തു. വിവിധ സ്റ്റേഷനുകളിലായാണ് ഇത്രയും കേസുകൾ രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങിയത്.മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി സർക്കാർ കഴിഞ്ഞദിവസം ഓർഡിനൻസ് പുറത്തിറക്കിയിരുന്നു.

നിയമലംഘകർക്ക് പത്ത് വർഷം വരെ തടവും അഞ്ച് ലക്ഷം രൂപവരെ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് ഓർഡിനൻസ്. നിയമംലംഘിക്കുന്നവരുടെ പേരിൽ ഓർഡിനൻസിലെ വ്യവസ്ഥകൾ പ്രകാരം നടപടിയെടുക്കാൻ ഡെപ്യൂട്ടി കമ്മിഷണർ(കളക്ടർ)മാർക്കും ജില്ലാ പോലീസ് മേധാവികൾക്കും മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകിയിരുന്നു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളെയും പൂട്ടിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം പോലീസ് നടപടികൾ തുടങ്ങിയത്. ധാർവാഡിൽ ജില്ലാ ഭരണകൂടം ഹെൽപ് ലൈനും ആരംഭിച്ചു. പരാതിക്കാർക്ക് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിൽ പ്രവർത്തിക്കുന്ന ഹെൽപ് ലൈനിൽ വിളിച്ച് പരാതിപ്പെടാം.

പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ അമിത പലിശ ഈടാക്കി പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നെന്ന പരാതി വ്യാപകമായതിനെത്തുടർന്നാണ് സർക്കാർ നടപടികൾ ആരംഭിച്ചത്. മൈക്രോ ഫിനാൻസ് സ്ഥാപനം നടത്തുന്നവരുടെ ഭീഷണിയെത്തുടർന്ന് നിരവധി പേർ അടുത്തിടെ ജീവനൊടുക്കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group