Home Featured ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കര്‍ണാടകയില്‍ നിന്ന് 45 ലക്ഷം തട്ടിയ മലയാളി എഎസ്‌ഐ അറസ്റ്റില്‍

ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കര്‍ണാടകയില്‍ നിന്ന് 45 ലക്ഷം തട്ടിയ മലയാളി എഎസ്‌ഐ അറസ്റ്റില്‍

by admin

കര്‍ണാടകയിലെ ബീഡിക്കമ്ബനി ഉടമയുടെ വീട്ടില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി വ്യാജ റെയ്ഡ് നടത്തി 45 ലക്ഷം രൂപ കവര്‍ന്ന കേസില്‍ കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലെ എഎസ്‌ഐ അറസ്റ്റില്‍. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ഏര്‍വാടിക്കാരന്‍ ഷഹീര്‍ ബാബുവിനെ (50) ആണു ദക്ഷിണ കന്നഡ ജില്ലയിലെ വിട്ട്‌ള പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കവര്‍ച്ചയില്‍ ഷഹീറിനൊപ്പം പങ്കെടുത്ത 3 പേരെ കൊല്ലത്തുനിന്നു കഴിഞ്ഞ മാസം ഇതേ അന്വേഷണസംഘം പിടികൂടിയിരുന്നു.ഷഹീര്‍ ബാബു ഉള്‍പ്പെടെ ആറംഗ സംഘമാണു ജനുവരി മൂന്നിനു ദക്ഷിണ കന്നഡയിലെ ബണ്ട്വാള്‍ കോള്‍നാട് നര്‍ഷ സ്വദേശിയായ വ്യവസായി എം.സുലൈമാന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയത്.

പ്ലാന്ററും ബീഡിക്കമ്ബനി ഉടമയുമാണു സുലൈമാന്‍. രാത്രി എട്ടോടെ തമിഴ്‌നാട് റജിസ്‌ട്രേഷനിലുള്ള കാറിലെത്തിയ ആറംഗ സംഘം ഇ.ഡി ഉദ്യോഗസ്ഥരാണെന്നു സ്വയം പരിചയപ്പെടുത്തി വീട്ടിലേക്കു തള്ളിക്കയറി. സുലൈമാന്റെ മകന്‍ മുഹമ്മദ് ഇഖ്ബാലാണു വീട്ടിലുണ്ടായിരുന്നത്. വാറന്റ് ഉണ്ടെന്നു പറഞ്ഞ ശേഷം കവര്‍ച്ചാസംഘം വീടാകെ അരിച്ചുപെറുക്കി. ബിസിനസ് ആവശ്യത്തിനു വീട്ടില്‍ കരുതിവച്ചിരുന്ന 45 ലക്ഷം രൂപയും കുടുംബാംഗങ്ങളുടെ 5 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.ബെംഗളൂരുവിലെ ഇ.ഡി ഓഫിസിലെത്തി രേഖകള്‍ ഹാജരാക്കിയ ശേഷം പണം കൈപ്പറ്റാമെന്നു പറഞ്ഞ് ഇവര്‍ കടന്നുകളഞ്ഞു.

തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞതോടെ ഇഖ്ബാല്‍ പൊലീസിനു പരാതി നല്‍കി. ഷഹീര്‍ കവര്‍ച്ചയ്ക്കു ശേഷം കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലെത്തി വീണ്ടും ജോലിയില്‍ പ്രവേശിച്ചു. കൂട്ടാളികളില്‍ 3 പേര്‍ കൊല്ലത്തുനിന്നു പിടിക്കപ്പെട്ട ശേഷം ഇയാള്‍ ഇടയ്ക്കിടെ അവധിയെടുത്തു മാറിനിന്നു. കൂട്ടാളികളെ ചോദ്യം ചെയ്തതില്‍ നിന്നാണു പൊലീസ് ഉദ്യോഗസ്ഥനും കവര്‍ച്ചയില്‍ പങ്കെടുത്തുവെന്നു കണ്ടെത്തിയത്.വിട്ട്‌ളയില്‍നിന്നു പൊലീസ് സംഘമെത്തി റൂറല്‍ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിനെ വിവരമറിയിച്ചു. ഷഹീര്‍ ഒരാഴ്ചയായി അവധിയിലാണെന്നു കണ്ടതോടെ ഇയാളെ തിരഞ്ഞു കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ റൂറല്‍ പൊലീസ് സഹായമൊരുക്കി. ഷഹീറിനെയും കൂട്ടി കര്‍ണാടക പൊലീസ് സംഘം വിട്ട്‌ളയിലേക്കു പുറപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group