രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും പ്രൊഫഷനലുകളും വിദ്യാർത്ഥികളും മെച്ചപ്പെട്ട തൊഴിൽ രംഗവും വിദ്യാഭ്യാസവും തേടി എത്തുന്ന ഇടമാണ് ബെംഗളൂരു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇത്തരത്തിൽ ഇവിടേക്കെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി വാടക വീടുകൾക്കും ഡിമാൻഡ് ഏറി. പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ഇടങ്ങൾക്ക് പോലും പതിനായിരങ്ങൾ വാടകയായി നൽകേണ്ടുന്ന അവസ്ഥ നഗരത്തിലുണ്ട്. ന്യായമായ വാടക ഈടാക്കുന്നവരും വേണ്ട സൗകര്യങ്ങൾ വാടകക്കാർക്ക് ചെയ്തു കൊടുക്കുന്നവരും ധാരാളമുണ്ടെങ്കിലും സാഹചര്യം ചൂഷണം ചെയ്യുന്നവരും കുറവല്ല. അത്തരത്തിൽ തട്ടിപ്പുകളിൽ പെടാതിരിക്കാൻ ബെംഗളൂരുവിൽ വീട് വാടകയ്ക്ക് എടക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.
വാടകവീട് അന്വേഷിക്കുന്നവരിൽ പലരും ഓൺലൈൻ സൈറ്റുകളെ ആശ്രയിക്കുന്നതാണ് പതിവ്. ഏജന്റുമാരെയും ബ്രോക്കർമാരെയും ഒഴിവാക്കി നേരിട്ട് ഇടപാട് നടത്താനുള്ള സൗകര്യം പരിഗണിച്ചാണ് പലരും ഈ മാർഗം സ്വീകരിക്കുന്നത്. എന്നാൽ ഇല്ലാത്ത സ്വത്ത് ഇത്തരം സൈറ്റുകളിലൂടെ പരസ്യപ്പെടുത്തി തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നവരുണ്ട്. സൗകര്യങ്ങൾ ഏറെയുള്ള വീടുകൾ വിപണി നിരക്കിനേക്കാൾ കുറഞ്ഞ വാടകയിൽ ലഭിക്കുമെന്ന തരത്തിൽ വരെ പരസ്യങ്ങൾ ഉണ്ടാവും.
രാംനാഥ് ഷണോയി എന്ന വ്യക്തിക്ക് ഏതാനും മാസങ്ങൾക്കു മുൻപ് നേരിട്ട ഒരുനുഭവം ഇങ്ങനെ. കോറമംഗല മേഖലയിൽ മൂന്നു ബിഎച്ച്കെ അപ്പാർട്ട്മെന്റ് വാടകയ്ക്ക് കൊടുക്കാനുണ്ടെന്ന പരസ്യം ഓൺലൈനിലാണ് രാംനാഥ് കണ്ടത്. പ്രധാന ലൊക്കേഷനുകളിൽ ഒന്നായിരുന്നിട്ടും 30000 രൂപ മാത്രമായിരുന്നു മാസവാടക. ലാഭത്തിൽ നല്ലൊരു വീട് വാടകയ്ക്ക് കിട്ടുമെന്ന പ്രതീക്ഷയിൽ സൈറ്റിൽ കണ്ട നമ്പറിൽ രാംനാഥ് ഉടമയുമായി ബന്ധപ്പെട്ടു. വളരെ മാന്യമായ രീതിയിലായിരുന്നു മറുഭാഗത്തുനിന്നുള്ള ഇടപെടൽ. വീടിന്റെ വിവരങ്ങൾ പങ്കുവച്ചതോടെ രാംനാഥിന് താൽപര്യം തോന്നി.
എന്നാൽ വീട് കാണണമെന്ന് ആവശ്യപ്പെട്ടപ്പോഴാകട്ടെ താൻ സ്ഥലത്തില്ലെന്നും വാരാന്ത്യത്തിൽ മാത്രമേ വീട് കാണാൻ കഴിയൂ എന്നും താൽപര്യമുണ്ടെങ്കിൽ ടോക്കൺ നൽകിയാൽ മറ്റാർക്കും വീട് വിട്ടുകൊടുക്കാതിരിക്കാം എന്നുമായിരുന്നു മറുപടി. ചില സംശയങ്ങൾ തോന്നിയതോടെ കൂടുതൽ കാര്യങ്ങൾ രാംനാഥ് ആരാഞ്ഞു. നൽകിയ യുപിഐ ഐഡി അടക്കമുള്ള കാര്യങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് അദ്ദേഹം തിരിച്ചറിയുകയും ചെയ്തു. ആ സംഭാഷണത്തിനു ശേഷവും ടോക്കണായി 5000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് പലതവണ ഫോൺകോളുകൾ എത്തിയതോടെ അത് തട്ടിപ്പാണെന്ന് രാംനാഥ് ഉറപ്പിക്കുകയായിരുന്നു.
സമാനമായ രീതിയിൽ ഓൺലൈനിൽ പരിചയപ്പെട്ട ഉടമകൾക്ക് വീട് കാണുന്നതിനുള്ള വിസിറ്റിങ് ചാർജ് എന്ന പേരിൽ രണ്ടായിരവും നാലായിരവുമൊക്കെ നൽകി പിന്നീട് യാതൊരു വിവരവും ഇല്ലാതെ നഷ്ടങ്ങൾ സംഭവിച്ച ധാരാളം ആളുകളുണ്ട്. നഗരത്തിലേക്ക് എത്തുന്ന പുതിയ ആളുകളെ ലക്ഷ്യം വച്ചാണ് ഇത്തരം തട്ടിപ്പുകാർ പ്രധാനമായും പ്രവർത്തിക്കുന്നത്. സ്ഥലങ്ങളെ കുറിച്ചുള്ള ഇവരുടെ അറിവില്ലായ്മയും സമയമില്ലായ്മയും ഇത്തരക്കാർ പരമാവധി ചൂഷണം ചെയ്യും. വീട് വാടകയ്ക്കെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നേരിട്ട് പോയി സ്ഥലം കണ്ടു ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ ടോക്കൺ നൽകാവൂ എന്നാണ് അനുഭവസ്ഥർ ഓർമിപ്പിക്കുന്നത്.
ഉയർന്ന വാടക നിരക്ക് നിലനിൽക്കെ കുറഞ്ഞ തുകയിൽ കൂടുതൽ സൗകര്യങ്ങളുള്ള വീട് എന്ന തരത്തിലുള്ള പരസ്യങ്ങളിൽ ഒരിക്കലും വീഴരുത് എന്നതും പ്രധാനമാണ്. ഉടമസ്ഥത സംബന്ധിച്ച ഔദ്യോഗിക രേഖകൾ കണ്ടു ബോധിച്ച ശേഷം മാത്രം വാടക കരാറിൽ ഏർപ്പെടുക. ഓൺലൈൻ സൈറ്റുകൾ അടിസ്ഥാനമാക്കിയാണ് വീട് അന്വേഷണമെങ്കിൽ വിശ്വസനീയമായ സൈറ്റുകൾ മാത്രം തിരഞ്ഞെടുക്കുക. തെറ്റായ പരസ്യങ്ങളും തട്ടിപ്പിനുള്ള സാധ്യതയും കണ്ടാൽ റിപ്പോർട്ട് ചെയ്യാനും മടിക്കരുത്. വാടക കരാറിൽ എല്ലാ നിബന്ധനകളും വ്യക്തമായി വിവരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഒപ്പുവയ്ക്കാവൂ