ബംഗളൂരു: മുസ്ലിം സമുദായത്തില്‍പെട്ട ദമ്ബതികള്‍ക്ക് വിവാഹ, വിവാഹമോചന സർട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള വഖഫ് ബോർഡിന്റെ അധികാരത്തെക്കുറിച്ച് ചീഫ് ജസ്റ്റിസ് എൻ.വി.അഞ്ജരിയ, ജസ്റ്റിസ് എം.ഐ. അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കർണാടക ഹൈകോടതി ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു. കർണാടകയിലെ വഖഫ് ബോർഡുകള്‍ക്ക് വിവാഹ, വിവാഹമോചന സർട്ടിഫിക്കറ്റുകള്‍ നല്കാൻ സംസ്ഥാന സർക്കാറിന്റെ വഖഫ്, ഹജ്ജ് വകുപ്പിന് അധികാരം നല്കിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആലം പാഷ സമർപ്പിച്ച പൊതുതാല്പര്യ ഹരജി പരിഗണിക്കവെയാണ് ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹരജിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സർക്കാറിന് മറുപടി നല്കാൻ സമയം അനുവദിച്ചുകൊണ്ട് കേസ് ഫെബ്രുവരി 19ലേക്ക് മാറ്റി. ഇതുസംബന്ധിച്ച് 2023ല്‍ പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് കോടതി സ്റ്റേ ചെയ്തിരുന്നു. വഖഫ് ബോർഡ് വിവാഹ, വിവാഹമോചന സർട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നതില്‍ ബെഞ്ച് ആശ്ചര്യം പ്രകടിപ്പിച്ചു. ഇതൊരു പ്രധാനപ്പെട്ട കാര്യമാണെന്നും മറുപടി നല്കാൻ കൂടുതല്‍ സമയം നല്‍കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. വിവാഹ, വിവാഹമോചന സർട്ടിഫിക്കറ്റുകള്‍ നല്കാൻ വഖഫ് നിയമപ്രകാരം വഖഫ് ബോർഡിന് അധികാരമില്ല.
2023ല്‍ ന്യൂനപക്ഷ, വഖഫ്, ഹജ്ജ് വകുപ്പ് അണ്ടർ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് വഖഫ് ബോർഡുകള്‍ക്ക് അധികാരം നല്‍കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. വഖഫ് നിയമം സ്ഥാവര, ജംഗമ സ്വത്തുക്കളെ മാത്രമേ ബാധിക്കുന്നുള്ളൂവെന്നും വിവാഹ, വിവാഹമോചന സർട്ടിഫിക്കറ്റുകള്‍ നല്കാൻ വഖഫ് ബോർഡിനെ പ്രാപ്തമാക്കുന്ന ഒരു വ്യവസ്ഥയും നിയമത്തില്‍ ഇല്ലെന്നും ഹരജിക്കാരൻ വാദിച്ചു.
വിവാഹശേഷം വിദേശയാത്ര നടത്തിയ ദമ്ബതികള്‍ക്ക് വിവാഹ സർട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്ന മുസ്ലിം സമൂഹത്തിന്റെ അഭ്യർഥനയെ തുടർന്നാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സംസ്ഥാന സർക്കാർ നേരത്തേ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. 1988ലെ ഖാദി ആക്ട് പ്രകാരം, വിവാഹ സർട്ടിഫിക്കറ്റുകള്‍ നല്കാൻ വഖഫ് ബോർഡ് ഖാദിയെ അധികാരപ്പെടുത്തിയിരുന്നുവെന്ന് ഹരജിയില്‍ വാദിച്ചു. 2013ല്‍ ഖാദി ആക്ട് റദ്ദാക്കുകയും സംസ്ഥാനം വഖഫ് ബോർഡിന് അധികാരം നല്‍കുകയും ചെയ്തു.