ആറു വർഷത്തെ ഇടവേളക്കുശേഷം നടക്കുന്ന 13ാം കുംഭമേള മൈസൂരു ടി. നരസിപുരില്‍ തുടങ്ങി. ബംഗളൂരു കൈലാസ ആശ്രമത്തിലെ ജയേന്ദ്ര പുരി മഹാസ്വാമി, മൈസൂരു ആദിചുഞ്ചനഗിരി മഠം ശാഖാ മഠാധിപതി സോമനാഥേശ്വര സ്വാമി, മൈസൂരു കഗിനെലെ മഠം ശാഖാ മഠം പുരുഷോത്തമാനന്ദപുരി സ്വാമി എന്നിവർ കാവേരി നദി, കപില, ഗുപ്ത ഗാമിനി സംഗമസ്ഥാനത്ത് പതാക ഉയർത്തിയതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.തുടർന്ന് സന്ന്യാസിമാർ നദിയുടെ മധ്യത്തിലേക്ക് പോയി നന്ദീശ്വരന്റെ പ്രതിമയുള്ള ഗരുഡകംബം സ്ഥാപിച്ചു.
കുംഭമേളയുടെ ആരംഭം അടയാളപ്പെടുത്തുന്നതിനായി പ്രത്യേക പൂജകള്‍ അർപ്പിച്ചു. മൂന്ന് ദിവസം ഭക്തർ സംഗമസ്ഥാനത്ത് പുണ്യസ്നാനം നടത്തും. ടി. നരസിപൂരിലെ കുംഭമേള മൂന്ന് വർഷത്തിലൊരിക്കലാണെങ്കിലും ഈ വർഷം ആറ് വർഷത്തെ ഇടവേളക്കുശേഷമാണ് നടക്കുന്നത്. കോവിഡ്19 നിയന്ത്രണങ്ങള്‍ കാരണം 2022ലെ കുംഭമേള നടന്നിരുന്നില്ല. പുലർച്ചെ മുതല്‍തന്നെ എത്തിയ ഭക്തർ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തിയ ശേഷം ക്ഷേത്രങ്ങള്‍ സന്ദർശിക്കുന്നത് കാണാമായിരുന്നു.ഭക്തർ ആഴക്കടലിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കാൻ നദിയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
മൂന്ന് കുംഭമേള ആരംഭിച്ചതോടെ കബിനി അണക്കെട്ടില്‍നിന്ന് വെള്ളം നദിയിലേക്ക് തുറന്നുവിട്ടതിനാല്‍ ത്രിവേണി സംഗമത്തിലെ ജലനിരപ്പ് വർധിച്ചു. കുളിക്കടവുകളില്‍ സോപ്പും ഷാംപൂവും ഉപയോഗിക്കരുതെന്നും മാലിന്യങ്ങളും വസ്ത്രങ്ങളും നദിയിലേക്ക് വലിച്ചെറിയരുതെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നദിയിലെ വസ്ത്രങ്ങളും പൊങ്ങിക്കിടക്കുന്ന കളകള്‍ നീക്കം ചെയ്യാൻ എല്ലാ കുളിക്കടവുകളിലും അധികൃതർ വ്യത്യസ്ത ടീമുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. ഭക്തരുടെ സൗകര്യാർഥം വിവിധ സ്ഥലങ്ങളില്‍ താല്‍ക്കാലിക വസ്ത്രം മാറല്‍ മുറികളും മൊബൈല്‍ ടോയ്‌ലറ്റുകളും സജ്ജീകരിച്ചു. കുളിക്കടവുകള്‍ക്ക് സമീപം ബഹളവും തിക്കിലും തിരക്കും ഒഴിവാക്കാൻ കയറാനും ഇറങ്ങാനും പ്രത്യേക പോയന്റുകള്‍ ഒരുക്കി.