Home Featured 33 രൂപ കൊടുത്ത് യാത്ര ചെയ്തവർ ഇന്ന് കൊടുക്കേണ്ടത് 60 രൂപ; ബെംഗളൂരു മെട്രോയിലെ ടിക്കറ്റ് നിരക്ക് വർധനയ്ക്കെതിരെ രോഷം പ്രകടിപ്പിച്ച് യാത്രക്കാർ

33 രൂപ കൊടുത്ത് യാത്ര ചെയ്തവർ ഇന്ന് കൊടുക്കേണ്ടത് 60 രൂപ; ബെംഗളൂരു മെട്രോയിലെ ടിക്കറ്റ് നിരക്ക് വർധനയ്ക്കെതിരെ രോഷം പ്രകടിപ്പിച്ച് യാത്രക്കാർ

by admin

ബെംഗളൂരു: ബെംഗളൂരു മെട്രോയിലെ ടിക്കറ്റ് നിരക്ക് വർധനയിൽ യാത്രക്കാ‍ർക്ക് കടുത്ത അമർഷം. നിരക്ക് വർധനയെ തുടർന്ന് ടിക്കറ്റിനായി ഇരട്ടിത്തുകയാണ് നൽകേണ്ടിവരുന്നതെന്ന് യാത്രക്കാർ പ്രതികരിച്ചു. ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിവിധ മെട്രോ സ്റ്റേഷനുകൾക്ക് മുന്നിൽ പ്രതിഷേധം തുടങ്ങി. സമൂഹമാധ്യമങ്ങളിലടക്കം ക്യാംപയിൻ ശക്തമായി. മെട്രോ സർവീസുകൾ ബഹിഷ്കരിക്കണമെന്നടക്കം സമൂഹമാധ്യമങ്ങളിൽ ആഹ്വാനമുണ്ട്. ബെംഗളൂരു മെട്രോ റെയിൽ കോ‍ർപറേഷൻ (ബിഎംആർസിഎൽ) ഇക്കഴിഞ്ഞ ഞായറാഴ്ച മുതലാണ് നിരക്ക് വർധന പ്രാബല്യത്തിൽ വരുത്തിയത്.

മിനിമം ടിക്കറ്റ് നിരക്ക് 10 രൂപയായി തുടരുമെങ്കിലും മാക്സിമം ടിക്കറ്റ് നിരക്ക് 60 രൂപയിൽനിന്ന് 90 രൂപയായി ഉയർത്തിയതാണ് യാത്രക്കാരുടെ രോഷത്തിനിടയാക്കിയത്. രണ്ട് കിലോമീറ്റർ വരെ യാത്ര ചെയ്യുന്നവരാണ് മിനിമം ടിക്കറ്റ് നിരക്കിൻ്റെ പരിധിയിൽ വരുന്നത്. 25 കിലോമീറ്ററിന് മുകളിൽ യാത്ര ചെയ്യുന്നവ‍ർക്കാണ് 90 രൂപ ടിക്കറ്റ് നിരക്ക്. ശരാശരി 12-13 കിലോമീറ്റർ ആണ് ബെംഗളൂരു മെട്രോയിലെ യാത്രക്കാർ ശരാശരി യാത്ര ചെയ്യുന്നത്. നേരത്തെ 27-28 രൂപയായിരുന്നു ഇവർക്കുള്ള ടിക്കറ്റ് നിരക്കെങ്കിൽ നിലവിൽ ഇത് 60 രൂപയായി ഉയർന്നു. 10 -15 കിലോമീറ്റർ ആണ് 60 രൂപ ടിക്കറ്റ് നിരക്കിൻ്റെ പരിധിയിൽ വരുന്നത്.

എസ്‍വി റോഡിൽനിന്ന് പട്ടന്ദൂർ അഗ്രഹാര വരെ യാത്ര ചെയ്യുന്ന രാജ്കുമാറിന് ഒരു വശത്തേക്കുള്ള ടിക്കറ്റ് നിരക്ക് ഇപ്പോൾ 60 രൂപയായി. നേരത്തെ ഇത് 33.50 രൂപയായിരുന്നു. ഇരു ദിശയിലേക്കുമുള്ള യാത്രയ്ക്ക് ടിക്കറ്റ് ഇനത്തിൽ ഒരു ദിവസം 120 രൂപ ചെലവഴിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരുക്കുന്നതെന്ന് രാജ്കുമാർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പാർക്കിങ്ങിനായി 60 രൂപയും ചെലവാകും. എത്രയും പെട്ടെന്ന് നിരക്ക് വർധന പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മെട്രോയിലെ സ്ഥിരം യാത്രക്കാരാനായ കുഷി എമ്മും സമാന ആവശ്യമാണ് ഉയർത്തുന്നത്. ബയ്യപ്പനഹള്ളിയിൽനിന്ന് എംജി റോഡിലേക്കുള്ള യാത്രയ്ക്ക് കുഷിക്ക് നേരത്തെ 20 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. എന്നാൽ നിലവിലിത് 40 രൂപയായി. ട്രെയിനുകളും റൂട്ടുകളും കൂട്ടാതെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത് ശരിക്കും കൊള്ളയാണെന്ന് കുഷി ചൂണ്ടിക്കാട്ടി.

അതേസമയം ടിക്കറ്റ് നിരക്ക് വർധനയിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പരസ്പരം പരിചാരുകയാണ്. നിരക്ക് വർധനയിൽ സംസ്ഥാന സർക്കാരിന് പങ്കില്ലെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറയുമ്പോൾ കേന്ദ്രത്തിന് ഇതിൽ പങ്കില്ലെന്നാണ് കേന്ദ്ര സഹമന്ത്രി ശോഭ കരന്ദലജെയുടെ വിശദീകരണം. യാത്രക്കാരുടെ ഭാഗത്തുനിന്ന് പരാതി ശക്തമായതോടെ വിഷയം പരിശോധിക്കുമെന്ന് ബിഎംആർസിഎല്ലിൽ ചീഫ് പിആർഒ ബിഎൽ യശ്വന്ത് ചവാൻ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group