കേരളം : സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം. സിനിമാ സംഘടനകള്‍ ഇന്ന് ചേര്‍ന്ന സംയുക്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായിരിക്കുന്നത്.ജി എസ് ടി നികുതിക്കൊപ്പമുള്ള വിനോദ നികുതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം, താരങ്ങള്‍ വലിയ പ്രതിഫലം കുറയ്ക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.സിനിമാ നിര്‍മാണം പ്രതിസന്ധിയാലായിട്ടും താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകുന്നില്ല. ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നു എന്ന് നിര്‍മാതാക്കള്‍ പറയുന്നു. വിനോദ നികുതിയുമായി ബന്ധപ്പെട്ട് നിരവധി തവണ ചര്‍ച്ച നടത്താന്‍ ശ്രമിച്ചിട്ടും സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നും നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടി.
ജൂണ്‍ ഒന്ന് മുതല്‍ സിനിമകളുടെ ചിത്രികരണവും പ്രദര്‍ശനവും നിര്‍ത്തിവെക്കും എന്നാണ് സംഘടനകളുടെ നിലപാട്.പുതിയ നടീനടന്മാര്‍പോലും ഉയര്‍ന്ന പ്രതിഫലമാണ് ആവശ്യപ്പെടുന്നത് എന്നും ഇത് താങ്ങാനാകുന്നില്ല എന്നുമാണ് നിര്‍മാതാക്കള്‍ പറയുന്നത്. പ്രതിഫലത്തിന് പുറമേ അഭിനേതാക്കള്‍ക്ക് ജി എസ് ടിയും നല്‍കേണ്ടി വരുന്നത് ഇരട്ടി ഭാരമാണ് ഉണ്ടാക്കുന്നത്. ഇതിന് പുറമെയാണ് സര്‍ക്കാര്‍ വിനോദ നികുതിയും പിരിക്കുന്നത്.പ്രതിഫലം കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
അഭിനേതാക്കള്‍ക്ക് ഡബ്ബിംഗിന് മുന്‍പ് പ്രതിഫലം നല്‍കണം എന്ന വ്യവസ്ഥ മാറ്റി റിലീസിന് മുന്‍പ് മുഴുവന്‍ പ്രതിഫലവും കൊടുക്കണം എന്നാക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇക്കാര്യത്തില്‍ ഇതുവരെ ‘അമ്മ’ മറുപടി നല്‍കിയിട്ടില്ല.മലയാള സിനിമ തകര്‍ച്ചയുടെ വക്കിലാണ് എന്ന് നിര്‍മാതാവ് ജി സുരേഷ് കുമാര്‍ പറഞ്ഞു. പല നിര്‍മാതാക്കളും നാടുവിട്ട് പോകേണ്ട ഗതികേടിലാണ് എന്നും കഴിഞ്ഞ മാസം മാത്രം 110 കോടി രൂപയാണ് നഷ്ടം സംഭവിച്ചത് എന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങള്‍ പ്രതിഫലമായി വാങ്ങുന്നത്.
ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവര്‍ക്കില്ല.കഴിഞ്ഞ വര്‍ഷം 200 സിനിമകള്‍ ഇറങ്ങിയതില്‍ 24 സിനിമകള്‍ മാത്രമാണ് ഓടിയത്. വിജയശതമാനം വെറും 12 ആണ്. 176 സിനിമകള്‍ ബോക്സ്ഓഫിസില്‍ തകര്‍ന്നടിഞ്ഞു. അതുണ്ടാക്കിയ നഷ്ടം 650 മുതല്‍ 750 കോടി രൂപയ്ക്ക് ഇടയിലാണ് എന്നും അദ്ദേഹം പറഞ്ഞു.