ബെംഗളൂരു: കർണാടകയില്‍ നിർമാണത്തിലിരുന്ന കെട്ടിടത്തിന് തീ പിടിച്ച് രണ്ട് മരണം. ബെംഗളൂരുവിലെ മഗഡി റോഡിലെ സീഗെഹള്ളിയിലാണ് സംഭവം.ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണം. സംഭവ സമയത്ത് കെട്ടിടത്തില്‍ ഇന്റീരിയർ ഡിസൈൻ ജോലി ചെയ്തിരുന്ന ഉദയ് ബാനു (40), റോഷൻ (23) എന്നീ തൊഴിലാളികളാണ് മരിച്ചത്. ഇരുവരും ഉത്തർപ്രദേശ് സ്വദേശികളാണ്.
അഗ്നിശമന സേന നടത്തിയ തിരച്ചിലിലാണ് ഇരുവരേയും ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൈമാറി. സംഭവത്തില്‍ മാഗധി പൊലീസ് കേസെടുത്തിട്ടുണ്ട്.
അമ്മയ്ക്ക് അസുഖം, കണ്ടിട്ടുവരാം’; വിവാഹംകഴിഞ്ഞയുടൻ സ്വര്‍ണവും പണവുമായി വധു മുങ്ങി; പരാതിയുമായി യുവാവ്
വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം സ്വർണവും പണവുംകൊണ്ട് വധു കടന്നുകളഞ്ഞെന്ന പരാതിയുമായി യുവാവ്. ഹിമാചല്‍ പ്രദേശിലെ ഹാമിർപുർ ജില്ലയിലെ സഹി ഗ്രാമത്തിലാണ് സംഭവം.ജിതേഷ് ശർമ എന്ന യുവാവാണ് പോലീസില്‍ പരാതി നല്‍കിയത്. 2024 ഡിസംബർ 13-നാണ് ബബിത എന്ന യുവതിയുമായി ജിതേഷിന്റെ വിവാഹം നടന്നത്. ക്ഷേത്രത്തില്‍ വെച്ച് എല്ലാ ആചാരങ്ങളോടും കൂടിയായിരുന്നു വിവാഹം. ജിതേഷിന്റെ കുടുംബാംഗങ്ങളെല്ലാം ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷം, ബബിത യമുനാനഗറിലെ സ്വന്തംവീട്ടിലേക്ക് പോയി. അമ്മയ്ക്ക് സുഖമില്ലെന്ന കാരണം പറഞ്ഞായിരുന്നു ഇത്. സ്വർണവും അവർ കൊണ്ടുപോയി.
രണ്ടുദിവസത്തിനുശേഷം മടങ്ങിവരാമെന്ന് ഉറപ്പുനല്കിയിരുന്നെന്നും എന്നാല്‍ അതിനുശേഷം തന്റെ ഫോണ്‍ എടുക്കുന്നില്ലെന്നും ജിതേഷ് പറഞ്ഞു. ബല്‍ദേവ് ശർമ എന്നയാളാണ് ഈ വിവാഹം ശരിയാക്കിത്തന്നതെന്നും ഒന്നരലക്ഷം രൂപ ഇയാള്‍ ഇതിനായി കൈപ്പറ്റിയിരുന്നെന്നും ജിതേഷ് കൂട്ടിച്ചേർത്തു. ബബിത പോയതിന് പിന്നാലെ ബല്‍ദേവിനെ ബന്ധപ്പെട്ടെങ്കിലും വിഷയത്തില്‍ ഇടപെടാൻ തയ്യാറായില്ല. തുടർന്നാണ് ജിതേഷ് പോലീസിനെ സമീപിച്ചത്. കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുന്നതായും ഹാമിർപുർ എസ്.പി. ഭഗത് സിങ് പറഞ്ഞു