ബംഗളൂരു: കർണാടകയിൽ മലയാളി വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. രാമനഗരിയിലെ ദയാനന്ദ സാഗർ കോളേജിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനി കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമികയാണ് (19) മരിച്ചത്.സഹപാഠികളാണ് അനാമികയെ മുറിക്കുളളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർ വിവരം കോളേജ് അധികൃതരെയും ഹരോഹളളി പൊലീസിനെയും അറിയിക്കുകയായിരുന്നു.
കഴിഞ്ഞ വർഷമാണ് അനാമിക കോളേജിൽ ചേർന്നത്. മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസും കോളേജ് അധികൃതരും മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കർണാടകയിൽ നിരവധി നഴ്സിംഗ് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത് വലിയ ചർച്ചയായിരുന്നു.
വിദ്യാർത്ഥിയെ വിവാഹം കഴിക്കുന്ന വീഡിയോയ്ക്കെതിരായ വിമർശനം; രാജി പ്രഖ്യാപിച്ച് അധ്യാപിക
കൊൽക്കത്ത: വിദ്യാർത്ഥിയെ ക്ലാസ് മുറിയില് വിവാഹം കഴിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രാജി പ്രഖ്യാപിച്ച് അധ്യാപിക. സർവകലാശാലയുമായി ഇനി ബന്ധം തുടരാൻ സാധിക്കില്ലെന്നും രാജിവെക്കുന്നുവെന്നുമാണ് അധ്യാപികയുടെ പ്രതികരണം.
ബംഗാളിലെ മൗലാനാ അബ്ദുൽ കലാം സർവകലാശാലയിലെ അധ്യാപികയായ പായൽ ബാനർജിയാണ് വിദ്യാർത്ഥിക്കൊപ്പം വിവാഹചടങ്ങുകൾ നടത്തുന്ന വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ക്ലാസ് മുറിയിൽ വെച്ചാണ് വിദ്യാർത്ഥിയും അധ്യാപികയും തമ്മിൽ വിവാഹിതരാകുന്ന നിലയിലുള്ള വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇരുവരും തമ്മിൽ ആദ്യം പൂമാല കൈമാറുകയും തുടർന്ന് വിദ്യാർത്ഥി അധ്യാപികയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതും വീഡിയോയിലുണ്ട്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ അധ്യാപികയോട് അവധിയിൽ പോകാൻ നേരത്തെ കോളേജ് അധികൃതർ നിർദേശിച്ചിരുന്നു.
വിമർശനങ്ങൾ കടുത്തതോടെ വീഡിയോയിലുള്ളത് ഫ്രഷേഴ്സ് ദിനത്തിലേക്ക് നടത്തുന്ന നാടകത്തിന്റെ ഭാഗമാണെന്ന വാദവുമായി അധ്യാപിക രംഗത്തെത്തിയിരുന്നു. വീഡിയോ വിവാദമാകുമെന്ന് അറിഞ്ഞില്ലെന്നും വീഡിയോ പ്രചരിപ്പിച്ചതിന് പിന്നിൽ തന്നോട് വ്യക്തിവൈരാഗ്യമുള്ള ചിലരാണെന്നും ഇവർ കൂട്ടിച്ചേർത്തു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പായൽ പറഞ്ഞു. അതേസമയം വീഡിയോയിൽ അന്വേഷണം നടത്താൻ മൂന്നംഗ സമിതിയെ അധികൃതർ നിയോഗിച്ചിട്ടുണ്ട്.