ബെംഗളൂരു എന്നും അതിന്‍റെ പ്രസന്നമായ കാലാവസ്ഥയ്ക്ക് പേരുകേട്ടാണ്. സമൃദ്ധമായ, നീണ്ടു നില്‍ക്കുന്ന തണുപ്പാണ് ബെംഗളൂരുവില്‍ ജീവിക്കാൻ പലരെയും പ്രേരിപ്പിക്കുന്നത്.നാട് മുഴുവൻ ചുട്ടുപൊള്ളുമ്ബോഴും അതൊന്നും ഇല്ലാതെ പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഇടം കൂടിയാണ് ബാംഗ്ലൂർ. എന്നാല്‍ കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി ബെംഗളൂരുവിന്‍റെ കാലാവസ്ഥയില്‍ വൻ മാറ്റങ്ങളാണ്. ചൂടും മഴയും തണുപ്പും അതിന്‍റെ തീവ്രതയിലാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇപ്പോഴിതാ ഈ വർഷം ചൂടും ഇവിടെ നേരത്തെ എത്തിയിരിക്കുകയാണ്.
ശൈത്യകാലം കഴിയാനായിട്ടില്ലെങ്കിലും ബെംഗളൂരുവില്‍ താപനിലയില്‍ വർധനവ് പ്രകടമായിത്തുടങ്ങി. ഇത്തവണത്തെ തണുപ്പ് നേരത്തെ അവസാനിക്കുവാനുള്ള സാധ്യതകളാണ് ഇപ്പോള്‍ കാണുന്നത്. ഫെബ്രുവരി മാസത്തിലെ പൊതുവേയുള്ള കൂടിയ താപനില 25-26 ഡിഗ്രി സെല്‍ഷ്യസാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ജനുവരി അവസാനം മുതല്‍ താപനിലെ ഉയർന്ന് 30 ഡിഗ്രി സെല്‍ഷ്യസ് പിന്നിട്ടിരിക്കുകയാണ്.
നേരത്തെയെത്തുന്ന വേനല്‍: ഈ വർഷം സാധാരണ സമയത്തിലും നേരത്തെ വേനല്‍ക്കാലം ബെംഗളൂരുവില്‍ എത്തുന്ന സൂചനയാണ് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്കുന്നത്. സാധാരണയായി മാർച്ച് മാസം ആദ്യത്തോടെ ബെംഗളൂരു വേനല്‍ക്കാലത്തേക്ക് മാറും. എന്നാല്‍ ഇത്തവണ , കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഏകദേശം രണ്ടാഴ്ച മുന്നേതന്നെ ബെംഗളൂരു വേനലിലേക്ക് കടക്കുകയാണ്. ഫെബ്രുവരി പകുതിയോടെ വേനലെത്താനുള്ള സാഹചര്യമാണ് ഇപ്പോള്‍ കാണുന്നത്. ജനുവരി അവസാനം മുതലേ നഗരത്തില്‍ താപനില ഉയർന്നിരുന്നു.
റിപ്പോർട്ട് അനുസരിച്ച്, കർണാടകയിലെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളായ റായ്ച്ചൂർ, കലബുറഗി എന്നിവിടങ്ങളിലെ നിലവാരത്തിലേക്കാണ് ബെംഗളൂരുവിലെ താപനില ഉയരുന്നത്. 36.8 ഡിഗ്രി സെല്‍ഷ്യസുമായി കലബുറഗിയിലാണ് കർണ്ണാടകയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്. 34 ഡിഗ്രി സെല്‍ഷ്യസില്‍ റായ്ച്ചൂർ തൊട്ടുപിന്നിലുണ്ട്.തിങ്കളാഴ്ച ബെംഗളൂരുവില്‍ 31.9 ഡിഗ്രി സെല്‍ഷ്യസ് കൂടിയ താപനില രേഖപ്പെടുത്തിയതെന്ന് മുതിർന്ന ഐഎംഡി ശാസ്ത്രജ്ഞൻ സിഎസ് പാട്ടീല്‍ പറഞ്ഞു. ബെംഗളൂരുവിലും പകല്‍സമയത്തെ താപനില ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, ഫെബ്രുവരിയില്‍ 32-33 ഡിഗ്രി സെല്‍ഷ്യസില്‍ എത്താം.
ഈ ഉയർന്ന ചൂട് വേനല്‍ക്കാലത്തിന്‍റെ തുടക്കത്തെ സൂചിപ്പിക്കുന്നുവെന്ന് പറഞ്ഞ സിഎസ് പാട്ടീല്‍ വരാനിരിരിക്കുന്നത് കഠിനമായ ചൂട് ആയിരിക്കുമെന്നും പറഞ്ഞു. കൂടാതെ, ശൈത്യകാലത്ത് വടക്കേ ഇന്ത്യയില്‍ നിന്ന് തണുത്ത വായു കൊണ്ടുവരുന്ന വടക്കൻ കാറ്റ് പിൻവാങ്ങി തുടങ്ങിയതാണ് അസാധാരണമായ ചൂടിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. വടക്കൻ കാറ്റ് പിൻവാങ്ങുന്നതോടെ കിഴക്കൻ കാറ്റ് വരുന്നത് സൂര്യപ്രകാശത്തില്‍ താഴ്ന്ന അന്തരീക്ഷത്തെ വേഗത്തില്‍ ചൂടാക്കുന്നു.
വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നുതാപനിലയില്‍ വർധനവ് ഉണ്ടായതോടെ ബെംഗളൂരുവിലും കർണാടകയുടെ മറ്റ് ഭാഗങ്ങളിലും വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയാണ്. ജനുവരി 31-ന് 17,691 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇത് കഴിഞ്ഞ മാർച്ചില്‍ ഏറ്റവും ചൂട് അനുഭവപ്പെട്ട സമയത്തേക്കാള്‍ കൂടുതലാണ്. 2024 മാർച്ചില്‍ പ്രതിദിനം രേഖപ്പെടുത്തിയ 17,220 മെഗാവാട്ടിനേക്കാള്‍ കൂടുതലാണ്. വരുന്ന ആഴ്ചകളില്‍ വൈദ്യുതി ഉപയോഗം ഇനിയും കൂടും.