Home Featured ബംഗളൂരു: സംസ്ഥാനത്ത് ഇനി മൈക്രോഫിനാൻസ് വായ്പകള്‍ക്കും ഓണ്‍ലൈൻ സംവിധാനം

ബംഗളൂരു: സംസ്ഥാനത്ത് ഇനി മൈക്രോഫിനാൻസ് വായ്പകള്‍ക്കും ഓണ്‍ലൈൻ സംവിധാനം

by admin

ബംഗളൂരു: കർണാടകയില്‍ മൈക്രോഫിനാൻസ് കമ്ബനികള്‍ക്ക് കീഴില്‍ വായ്പാ അപേക്ഷകള്‍ സ്വീകരിക്കാനും വായ്പ വിതരണം ചെയ്യാനും ഓണ്‍ലൈൻ സംവിധാനം കൊണ്ടുവരും.മൈക്രോഫിനാൻസ് കമ്ബനികളെ നിയന്ത്രിക്കാൻ സർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസിലാണ് ഈ നിർദേശം. പലതവണ പരിഷ്‍കരിച്ച ഓർഡിനൻസിന്റെ കരട് രൂപത്തിന് ഉന്നതതല യോഗം അന്തിമ അനുമതി നല്‍കി. കുറഞ്ഞത് എട്ടു തവണയെങ്കിലും പരിഷ്കരിച്ച കർണാടക മൈക്രോഫിനാൻസ് (നിർബന്ധിത നടപടികള്‍ തടയല്‍) ഓർഡിനൻസ് ശനിയാഴ്ച നിയമമന്ത്രി എച്ച്‌.കെ. പാട്ടീലിന്റെ അധ്യക്ഷതയില്‍ റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, ചീഫ് സെക്രട്ടറി ശാലിനി രജനീഷ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ യോഗത്തിലാണ് അന്തിമമാക്കിയത്.

കരട് ഓർഡിനൻസിലെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഓർഡിനൻസിന് അന്തിമരൂപം നല്‍കിയതെന്ന് പാട്ടീല്‍ പറഞ്ഞു. ഓർഡിനൻസ് അടുത്ത ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൈക്രോഫിനാൻസ് ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കുന്നതിനും അമിത വായ്പ തടയുന്നതിനും വായ്പ വിതരണ വിശദാംശങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനും ഓണ്‍ലൈൻ പോർട്ടല്‍ ഉപയോഗപ്പെടുത്താനാണ് നീക്കം.

മൈക്രോഫിനാൻസ് പ്രവർത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാൻ ഓരോ ജില്ലയിലെയും അഡീഷനല്‍ ഡെപ്യൂട്ടി കമീഷണറും അസിസ്റ്റന്റ് കമീഷണറും ഉള്‍പ്പെടുന്ന ഒരു ഓംബുഡ്സ്മാനെ നിയമിക്കും.മൈക്രോഫിനാൻസ് കമ്ബനികള്‍ വായ്പകള്‍ക്ക് ആസ്തികളോ വിലപിടിപ്പുള്ള വസ്തുക്കളോ ഈടായി എടുക്കുന്നത് തടയുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. തിരിച്ചടവ് മുടങ്ങുന്ന വായ്പക്കാരെ ഉപദ്രവിക്കാൻ ഇടനിലക്കാരെ ഉപയോഗിക്കുന്നതിനെതിരെയും നിർദിഷ്ട നിയമം കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും.

പലിശനിരക്കുകള്‍ സുതാര്യമാണെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. നിയമ ചട്ടക്കൂടില്‍ ഈ പ്രധാന വശങ്ങള്‍ ഉള്‍പ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര സർക്കാറിന്റെ അധികാര പരിധിയിലാണ് മൈക്രോഫിനാൻസ് കമ്ബനികള്‍. എന്നാല്‍, കേന്ദ്രം ഇതിനുനേരെ കണ്ണടച്ചിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. കേന്ദ്രം എന്താണ് ചെയ്യുന്നത്? സംസ്ഥാന സർക്കാറിന് അധികാരമില്ലെങ്കിലും, ഞങ്ങള്‍ ഇപ്പോഴും ജനങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ഒരാഴ്ചക്കുള്ളില്‍ കർണാടക സർക്കാർ ഒരു ഓർഡിനൻസ് തയാറാക്കിയത് വെറുമൊരു തമാശക്കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group