Home Featured യോഗ്യത പത്താം ക്ലാസ്, ഫീസ് -500, ദിവസം 80 രോഗികള്‍; മൂന്ന് വര്‍ഷം ചികിത്സിച്ച വ്യാജ ഡോക്ടർ പിടിയിൽ

യോഗ്യത പത്താം ക്ലാസ്, ഫീസ് -500, ദിവസം 80 രോഗികള്‍; മൂന്ന് വര്‍ഷം ചികിത്സിച്ച വ്യാജ ഡോക്ടർ പിടിയിൽ

by admin

മുംബൈ: മെഡിക്കല്‍ വിദ്യാഭ്യാസമൊന്നുമില്ലാതെ വർഷങ്ങളോളം രോഗികളെ ചികിത്സിച്ച വ്യാജ ഡോക്ടർ മഹാരാഷ്ട്രയില്‍ പിടിയിലായി.

പത്താം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള യുവാവാണ് പ്രേമഹവും അസ്ഥി രോഗങ്ങളും ഉള്‍പ്പെടെ എല്ലാത്തരം രോഗങ്ങള്‍ക്കും ചികിത്സ നല്‍കിയിരുന്നതെന്ന ഞെട്ടിക്കുന്ന കണ്ടെത്തലും അധികൃതർ നടത്തി. മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലുള്ള പൻധർപൂരിലാണ് ദത്താത്രേയ സദാശിവ് പവാർ എന്ന യുവാവ് ക്ലിനിക്ക് നടത്തിയിരുന്നത്.

തനിക്ക് മെഡിക്കല്‍ രംഗത്ത് നാല് ദിവസത്തെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ചികിത്സിക്കാനുള്ള യോഗ്യത സംബന്ധിച്ച ചോദ്യത്തിന് വ്യാജ ഡോക്ടറുടെ മറുപടി. സത്താറയില്‍ നിന്നാണത്രെ ഈ ട്രെയിനിങ് കിട്ടിയത്. ഓരോ രോഗിയില്‍ നിന്നും 500 രൂപ വീതമാണ് ഫീസ് വാങ്ങിയിരുന്നത്. ദിവസവും 70 മുതല്‍ 80 വരെ രോഗികള്‍ ഇയാളുടെ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. സംശയം തോന്നിയ നാട്ടുകാരില്‍ ചിലർ അധികൃതരെ വിവരം അറിയിച്ചതാണ് ആരോഗ്യ വകുപ്പിന്റെ റെയ്ഡില്‍ കലാശിച്ചത്.

പൊലീസിന്റെയും നഗരസഭ അധികൃതരുടെയും സഹായത്തോടെയായിരുന്നു റെയ്ഡ്. ഡോക്ടർക്ക് ചികിത്സിക്കാൻ യോഗ്യതയില്ലെന്ന് മാത്രമല്ല, ക്ലിനിക്കിന് പ്രവ‍ർത്തിക്കാൻ വേണ്ട ലൈസൻസും ഉണ്ടായിരുന്നില്ല. കഴിഞ്ഞ മൂന്ന് വർഷമായി രണ്ട് സ്ഥലങ്ങളില്‍ ഇയാള്‍ ചികിത്സ നടത്തിയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവടെയൊക്കെ രോഗികളുടെ നല്ല തിരക്കുമുണ്ടായിരുന്നു. ഇവരുടെയൊക്കെ ആരോഗ്യ സ്ഥിതിയിലുള്ള ആശങ്കയും ഉയരുന്നുണ്ട്. ആരോഗ്യ വകുപ്പ് നടപടിക്ക് പിന്നാലെ പൊലീസും വ്യാജ ചികിത്സകനെതിരെ നടപടി സ്വീകരിച്ചു. ക്ലിനിക്ക് അടപ്പിച്ചിട്ടുണ്ട്. സമാനമായ മറ്റ് സംഭവങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായി അധികൃതർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group