ബെംഗളൂരു: കർണാടകത്തിൽ സംസ്ഥാന സർക്കാർ ബസ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിന്റെ ഭാഗമായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) ബസ് പാസ് നിരക്ക് ഉയർത്തി. ഡെയ്ലി, വീക്ൿലി, മന്ത്ലി പാസുകളുടെ നിരക്കാണ് വർധിപ്പിച്ചത്. വ്യാഴാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. ഓർഡിനറി ബസുകളുടെ ഡെയ്ലി പാസ് നിരക്കിൽ 10 രൂപയും വീക്ൿലി പാസ് നിരക്കിൽ 50 രൂപയും മന്ത്ലി പാസ് നിരക്കിൽ 150 രൂപയും വർധിച്ചു. വജ്ര എസി ബസുകളിൽ മന്ത്ലി പാസ് എടുത്ത് യാത്ര ചെയ്യുന്നവർ ഇനി 200 രൂപ അധികം നൽകണം.
ഓർഡിനറി ബസുകളുടെ ഡെയ്ലി പാസ് നിരക്ക് 70ൽനിന്ന് 80 രൂപയായാണ് ഉയർന്നത്. വീക്ൿലി പാസിന് 350 രൂപയാണ് പുതുക്കിയ നിരക്ക്. നേരത്തെ ഇത് 300 രൂപയായിരുന്നു. ഓർഡിനറി ബസുകളുടെ മന്ത്ലി പാസ് നിരക്ക് 1,050ൽനിന്ന് 1,200 രൂപയായി വർധിപ്പിച്ചു. എൻഐസിഇ റോഡ് വഴിയുള്ള ബസുകളിൽ യാത്ര ചെയ്യുന്നവർ മന്ത്ലി പാസിനായി ഇനി 2,350 രൂപ നൽകണം. നേരത്തെ 2,200 രൂപയായിരുന്നു ടോൾ ഈടാക്കുന്ന ഈ വഴിയുള്ള ബസുകളിൽ മന്ത്ലി പാസ് ലഭിക്കാനായി നൽകേണ്ടിയിരുന്നത്.
വജ്ര എസി ബസുകളിലെ ഡെയ്ലി പാസ് നിരക്ക് 120ൽനിന്ന് 140 രൂപയായി ഉയർത്തി. മന്ത്ലി പാസ് നിരക്ക് 2,000 രൂപയാക്കി. നേരത്തെ ഇത് 1,800 രൂപയായിരുന്നു. അതേസമയം കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെ കണക്ട് ചെയ്തുള്ള വജ്ര എസി ബസുകളുടെ മന്ത്ലി പാസ് നിരക്ക് 3,755ൽനിന്ന് 4000 രൂപയാക്കി വർധിപ്പിച്ചു. എസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർഥികൾക്കുള്ള മന്ത്ലി പാസ് നിരക്കും വർധിപ്പിച്ചു. 1,400 രൂപയാണ് വിദ്യാർഥികൾക്കുള്ള മന്ത്ലി പാസ് നിരക്ക്. നേരത്തെ 1200 രൂപയായിരുന്നു വിദ്യാർഥികളിൽനിന്ന് ഈടാക്കിയിരുന്നത്.
ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് കർണാടക സർക്കാരിന് കീഴിലുള്ള ബസുകളുടെ ടിക്കറ്റ് നിരക്ക് വർധന പ്രാബല്യത്തിന് വന്നത്. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ, നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ, കല്യണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ, ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ എന്നിവയ്ക്ക് കീഴിലുള്ള മുഴുവൻ ബസ് സർവീസുകളുടെ ടിക്കറ്റ് നിരക്ക് 15 ശതമാനം വർധിപ്പിക്കാനാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനമെടുത്തത്. ഡീസൽ, ജീവനക്കാരുടെ ശമ്പളം എന്നിവയ്ക്കുള്ള തുക വർധിച്ചതാണ് ടിക്കറ്റ് നിരക്ക് വർധിപ്പക്കാൻ സർക്കാരിനെ നിർബന്ധിതമാക്കിയത്