ചൈനയില്‍ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്.എം.പി.വി) രാജ്യത്ത് സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.കുട്ടിക്ക് വിദേശ യാത്ര പശ്ചാത്തലമില്ലെന്നാണ് വിവരം.എച്ച്.എം.പി.വിയുടെ ചൈനീസ് വകഭേദമാണോ സ്ഥിരീകരിച്ചത് എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.എച്ച്.എം.പി.വി പ്രതിരോധിക്കാൻ ഇന്ത്യ സുസജ്ജമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താൻ ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ചേർന്ന സംയുക്ത മോണിറ്ററിങ് ഗ്രൂപ്പ് യോഗം ചേർന്നിരുന്നു. എച്ച്.എം.പി.വി കേസുകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നാഷനല്‍ സെന്റർ ഫോർ ഡിസീസ് കണ്ട്രോള് അറിയിക്കുന്നത്.
എച്ച്.എം.പി.വി വൈറസ്:ന്യൂമോവിരിഡേ കുടുംബത്തിലെ മെറ്റാന്യൂമോ വര്‍ഗത്തില്‍പെട്ട വൈറസാണിത്. ശ്വാസകോശ അണുബാധയുള്ള കുട്ടികളില്‍ നിന്നുള്ള സാമ്ബിളുകള്‍ പഠിക്കുന്നതിനിടെ 2001ല്‍ ഡച്ച് ഗവേഷകർ ആദ്യമായി കണ്ടെത്തി. പ്രായമായവരും കുട്ടികളും പ്രതിരോധശക്തി കുറഞ്ഞവരുമാണ് അപകടസാധ്യതാ വിഭാഗത്തിലുള്ളത്.ശ്വാസകോശത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങള്‍ക്ക് സമാന ലക്ഷണം തന്നെയാണ് എച്ച്.എം.പി.വി ബാധിച്ചവർക്കും ഉണ്ടാകുക. ഫ്ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മല്‍ എന്നിങ്ങനെയോ ശരീരത്തില്‍ കയറുന്ന വൈറസ്, രോഗപ്രതിരോധശേഷി കുറവുള്ളവരില്‍ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും.
അടുത്തിടെ എച്ച് എം പി വി, കൊവിഡ് 19, ഇൻഫ്ലുവൻസ എ, മൈകോപ്ലാസ്മ ന്യുമോണിയ തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ ചൈനയില്‍ അതിവേഗം പടരുന്നെന്നും ആശുപത്രികള്‍ രോഗികളാല്‍ നിറയുന്നെന്നുമുള്ള റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. രോഗവ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചൈന അറിയിച്ചിട്ടുണ്ട്. എല്ലാ വർഷവും ശൈത്യകാലത്തുള്ള സാധാരണ പ്രശ്നം മാത്രമാണിതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
കുട്ടികളിലും പ്രായമേറിയവരിലും വൈറസ് ബാധിച്ചാല്‍ തീവ്രമായ പനി ഉണ്ടാകും.വൈറസിനെ പ്രതിരോധിക്കാൻ പ്രാപ്തമായ വാക്സിൻ കണ്ടെത്തിയിട്ടില്ലാത്തതും ആന്റിവൈറല്‍ മരുന്നുകള്‍ ഇല്ലാത്തതുമാണ് പ്രാധാന വെല്ലുവിളി. രോഗം വർധിക്കുന്നതില്‍ കോവിഡിന് ശേഷമുള്ള ശാരീരിക അവസ്ഥയും തണുപ്പും പ്രധാന ഘടകമാണ്.