കോഴിക്കോട്: എന്‍.ഡി.എയില്‍ ചേരാന്‍ സി.കെ ജാനുവിന് പണം നല്‍കിയ സംഭവത്തില്‍ സുസുരേന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ.ആര്.പി) സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് ആണ് വീണ്ടും ശബ്ദരേഖ പുറത്തുവിട്ടത്. സുരേന്ദ്രനുമായും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായും നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.
ചര്‍ച്ചകള്‍ക്കായി മാര്‍ച്ച് മൂന്നിന് സുരേന്ദ്രന്‍ ആലപ്പുഴ വരാന്‍ പറയുന്നതും പിന്നീട് തിരുവനന്തപുരത്ത് എത്തിയശേഷമുള്ള സംഭാഷണവും ശബ്ദ രേഖയിലുണ്ട്. ജാനുവിന്റെ റൂം നമ്ബര്‍ ചോദിച്ചാണ് സുരേന്ദ്രന്‍റെ പി.എ വിളിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ഹൊറൈസണ്‍ ഹോട്ടലിലെ 503 ആം നമ്ബര്‍ റൂമിലാണ് പണം കൈമാറിയത്. പണം കൈമാറാന്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചതെന്ന് പ്രസീത തന്നെയെന്ന് ഫോണ്‍ സംഭാഷണങ്ങളില്‍ വ്യക്തമാണ്.
തങ്ങള്‍ക്കിടയില്‍ ഒരു ഇടനിലക്കാരുടെ ആവശ്യമില്ലെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നതുമുതല്‍ സി.കെ ജാനുവും കെ. സുരേന്ദ്രനും പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇടനിലക്കാരിയായ പ്രവര്‍ത്തിച്ചത് പ്രസീത തന്നെയാണ് എന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
മാര്‍ച്ച് 6ന് രാവിലെ പത്തുമണിയോടെ ഹൊറൈസണ്‍ ഹോട്ടലിലെത്തി സുരേന്ദ്രന്‍ സഹായിയോടൊപ്പം എത്തി സി.കെ ജാനുവിനെ കണ്ടു എന്നതിന് തെളിവുകളും ആ ഫോണ്‍ സംഭാഷണത്തിലുണ്ട്. അതിന് തൊട്ടുമുമ്ബ് പ്രസീതയുടെ ഫോണിലേക്ക് സുരേന്ദ്രന്‍ ഫോണ്‍ വന്നിട്ടുണ്ട്. റൂം നമ്ബര്‍ അറിയാന്‍ വേണ്ടി സുരേന്ദ്രന്‍റെ സഹായി ആണ് വിളിച്ചത്. സി.കെ ജാനുവാണ് ആ ഫോണ്‍ എടുത്തിട്ടുള്ളത്.