ബെംഗളൂരു∙ അമിത കൂലി ഈടാക്കുന്നതിനും ഓട്ടത്തിനു വിസമ്മതിക്കുന്നതിനും ഓട്ടോ, ടാക്സി ഡ്രൈവർമാർക്കെതിരായ കേസുകൾ വർധിക്കുന്നു. ഈ വർഷം ഇതുവരെ 6274 കേസ് പൊലീസ് റജിസ്റ്റർ ചെയ്തു. ഇതിൽ 3136 കേസുകൾ അമിത കൂലി ഈടാക്കിയതിന്. 16.50 ലക്ഷം രൂപ പിഴയായി ഈടാക്കി. ഓട്ടം പോകാൻ വിസമ്മതിച്ചതിനു 3138 കേസുകളും റജിസ്റ്റർ ചെയ്തു. 16.44 ലക്ഷം രൂപയാണ് പിഴ. 2023ൽ ആകെ 3136 കേസുകൾ റജിസ്റ്റർ ചെയ്ത സ്ഥാനത്താണിത്.ഓട്ടോ കൂലി വർധിപ്പിക്കണമെന്ന ആവശ്യം ഡ്രൈവർമാരുടെ സംഘടനകൾ സജീവമാക്കുന്നതിനിടെയാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വരുന്നത്.
നിരക്ക് കൂട്ടിയാൽ പോലും അത് കൃത്യമായി നടപ്പിലാക്കിയാൽ യാത്രച്ചെലവ് കുറയുമെന്നാണ് പതിവുയാത്രക്കാർ പറയുന്നു.സർക്കാർ നിശ്ചയിച്ച നിരക്കിനു പുറമേ കൂടുതൽ പണം നൽകാൻ തയാറാകാത്തതാണു ഡ്രൈവർമാർ ഓട്ടം വരാൻ മടികകുന്നതിന് പ്രധാന കാരണം. ചെറുദൂരങ്ങളിലേക്കും പോകാൻ പലരും തയാറല്ല. എന്നാൽ അധിക പണം നൽകാൻ ഒരു വിഭാഗം യാത്രക്കാർ തയാറാകുന്നതാണ് പ്രശ്നത്തിനു കാരണമെന്നാണ് തൊഴിലാളി സംഘടനകളുടെ വാദം. പ്രശ്ന പരിഹാരത്തിനായി ഡ്രൈവർമാർക്കു ബോധവൽക്കരണ ക്ലാസുകൾ നടത്തിവരികയാണെന്ന് ഓട്ടോ ആൻഡ് ടാക്സി ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡന്റ് എം. മഞ്ജുനാഥ പറഞ്ഞു.
ഡ്രൈവർമാരുടെ ക്ഷേമത്തിനായി സർക്കാർ നടപടികൾ സ്വീകരിക്കാത്തതാണു ജീവിതച്ചെലവുകൾക്കായി കൂടുതൽ പണം കണ്ടെത്താൻ ഇവരെ ഇത്തരം നടപടികളിലേക്കു നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാരെ അപമാനിക്കുന്നത് തുടർക്കഥ:അധിക പണം നൽകാൻ വിസമ്മതിക്കുന്നവരെ ഡ്രൈവർമാർ ഭീഷണിപ്പെടുത്തുന്നതും പരസ്യമായി അധിക്ഷേപിക്കുന്നതും പതിവാണ്. ഡിസംബർ ആദ്യ വാരത്തിൽ അമിത കൂലി നൽകാൻ വിസമ്മതിച്ചതിനു ഓട്ടോ ഡ്രൈവർ അധിക്ഷേപിച്ചതിന്റെ വിഡിയോ 20 വയസ്സുകാരനായ കോളജ് വിദ്യാർഥി സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു.വെബ് ടാക്സി ആപ്പിൽ റൈഡ് റദ്ദാക്കിയതിനു യുവതിയെ ഓട്ടോ ഡ്രൈവർ മർദിച്ചതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
യാതൊരു കാരണവുമില്ലാതെ ഡ്രൈവർമാർ റൈഡ് കാൻസൽ ചെയ്യുന്നതു പതിവായതോടെ കൃത്യസമയത്ത് ലക്ഷ്യ സ്ഥാനത്ത് എത്താൻ ഒരേ സമയം 2 ആപ്പുകൾ ഉപയോഗിച്ച യുവതിയാണ് ആക്രമണത്തിനു ഇരയായത്. ഇത്തരം സംഭവങ്ങളിൽ പലരും സമൂഹ മാധ്യമങ്ങളിലെ പോസ്റ്റിൽ ഒതുക്കുന്നതായും രേഖാമൂലം പരാതി നൽകിയാൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു.