വിമാനയാത്രക്കാർ അറിഞ്ഞിരിക്കേണ്ട ചില നിയമങ്ങളുണ്ട്. ഉദാഹരണത്തിന്, ടേക്കോഫിന് എത്ര മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണം, ബാഗേജിന് എത്ര തൂക്കം വരെയാകാം, ബാഗിനുള്ളില്‍ കരുതാൻ പാടില്ലാത്ത വസ്തുക്കള്‍ എന്തെല്ലാം എന്നിങ്ങനെ നിരവധി ചട്ടങ്ങള്‍ വിമാനയാത്രയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്.ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റിയുടെ (BCAS) ഹാൻഡ് ബാഗേജ് നയത്തില്‍ വന്നിട്ടുള്ള പുതിയമാറ്റങ്ങള്‍ പരിചയപ്പെടാം..BCASന്റെ പുതിയ ഹാൻഡ് ബാഗേജ് നയം അനുസരിച്ച്, യാത്രക്കാർ വിമാനത്തില്‍ കയറുമ്ബോള്‍ ഒറ്റ ബാഗ് മാത്രമേ കൈവശം കരുതാവൂ. ഇത് ആഭ്യന്തര-അന്താരാഷ്‌ട്ര യാത്രകള്‍ക്ക് ബാധമാണ്. അധിക ബാഗേജുണ്ടെങ്കില്‍ നിർബന്ധമായും ചെക്ക്-ഇൻ ചെയ്യണം.
എയർ ഇന്ത്യയുടെ നയം അനുസരിച്ച് ഇക്കോണമി അല്ലെങ്കില്‍ പ്രീമിയം ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്നവർക്ക് 7 കിലോ വരെയുള്ള ഒരു ഹാൻഡ് ബാഗേജ് അനുവദിക്കും, ഫസ്റ്റ് ക്ലാസിലോ ബിസിനസ് ക്ലാസിലോ യാത്ര ചെയ്യുകയാണെങ്കില്‍ 10 കിലോ വരെ തൂക്കമുള്ള ബാഗേജ് അനുവദിക്കുന്നതാണ്. 21.6 ഇഞ്ച് ഉയരം, 15.7 ഇഞ്ച് നീളം, 7.8 ഇഞ്ച് വീതി എന്നീ വലിപ്പങ്ങളില്‍ ഒതുങ്ങുന്ന ഹാൻഡ് ബാഗേജ് ആകണമെന്നും നിബന്ധനയുണ്ട്. വലിപ്പം കൂടിയാല്‍ അധിക ചാർജ് നല്‍കേണ്ടതായി വരും.ഇൻഡിഗോ എയർലൈൻസില്‍ യാത്ര ചെയ്യുന്നവർക്ക് പരമാവധി 7 കിലോഗ്രാം ഭാരമുള്ള ക്യാബിൻ ബാഗിനൊപ്പം 3 കിലോയില്‍ താഴെ ഭാരമുള്ള ചെറിയ ബാഗ് കൂടി കൈവശം കരുതാം. ലേഡീസ് പഴ്സ്, ചെറിയ ലാപ്ടോപ് ബാഗ് എന്നവയെല്ലാം ഇത്തരത്തില്‍ ഉള്‍പ്പെടുത്താം.
പ്രീ-എംബാർക്കേഷൻ സെക്യൂരിറ്റി ചെക്ക്‌പോസ്റ്റുകളില്‍ യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനാല്‍, എയർപോർട്ട് സുരക്ഷാ ചുമതലയുള്ള BCASഉം CISFഉം ചേർന്നാണ് നിയന്ത്രണങ്ങള്‍ കർശനമാക്കിയത്. ഇതിനെ തുടർന്നാണ് വിമാനക്കമ്ബനികളും സമാന സമീപനം സ്വീകരിക്കാൻ നിർബന്ധിതരായത്.