ഗോവയില്‍നിന്ന് അനധികൃതമായി മദ്യം എത്തിച്ച് ഉഡുപ്പിയില്‍ വിറ്റ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി 15 വർഷത്തോളം ഒളിവില്‍ കഴിയുകയായിരുന്ന മലയാളിയെ ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തു.തൃശ്ശൂർ ചാലക്കുടിയിലെ ദയാനന്ദിനെയാണ് (56) ഉഡുപ്പി സി.ഇ.എൻ. പോലീസ് ചാലക്കുടിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.ഗോവൻ നിർമിത വിദേശമദ്യം ഉഡുപ്പിയിലെത്തിച്ച് വിറ്റിരുന്ന ദയാനന്ദിനെ 2009-ലാണ് സി.ഇ.എൻ. പോലീസ് ഇന്ദ്രാലി റെയില്‍വേ സ്റ്റേഷനില്‍നിന്ന് അറസ്റ്റ് ചെയ്തത്.
ഉപാധികളോടെ ജാമ്യം ലഭിച്ച ഇയാള്‍ പിന്നീട് കോടതിയില്‍ ഹാജരാകാതെ കേരളത്തിലെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.വീണ്ടും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തൃശ്ശൂരിലെ വീട്ടിലുണ്ടെന്ന വിവരത്തെത്തുടർന്ന് അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ക്രിസ്‌മസ് തിരക്ക് ; പ്രതിഷേധത്തിനൊടുവില്‍ പ്രത്യേക ട്രെയിൻ അനുവദിച്ച് റെയില്‍വേ
അമിതനിരക്കില്‍ സ്വകാര്യ ബസില്‍ ബംഗളൂരു മലയാളികള്‍ നാട്ടിലെത്തിയതിനു പിന്നാലെ ക്രിസ്മസ് പ്രത്യേക ട്രെയിൻ അനുവദിച്ച് റെയില്‍വേ.തിങ്കളാഴ്ച ഒറ്റദിവസം മാത്രമുള്ള ട്രെയിൻ പ്രഖ്യാപിച്ചതാകട്ടെ ഞായറാഴ്ചയും. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ബുക്കിങ് ആരംഭിച്ചത് സ്വകാര്യ ഏജൻസികളെയാണ് സഹായിക്കുക. വെള്ളി, ശനി ദിവസങ്ങളിലായി മലയാളികളില്‍ ഭൂരിഭാഗം പേരും നാട്ടിലെത്തിയിരുന്നു. ക്രിസ്മസ് പ്രത്യേക ട്രെയിൻ മുൻകൂട്ടി പ്രഖ്യാപിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്.
തിങ്കള്‍ രാത്രി 11ന് എസ്‌എംവിടി ബംഗളൂരുവില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം വൈകിട്ട് 4.30ന് തിരുവനന്തപുരം നോർത്തില്‍ (കൊച്ചുവേളി) എത്തുന്ന എസ്‌എംവിടി ബംഗളൂരു -കൊച്ചുവേളി (06507), ചൊവ്വ വൈകിട്ട് 5.55ന് തിരുവനന്തപുരം നോർത്തില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം പകല്‍ 11.15ന് ബംഗളൂരുവില്‍ എത്തും.