ക്ഷേത്രഭണ്ഡാരത്തിൽ അബദ്ധത്തിൽ വീണ ഐഫോൺ തിരിച്ചുനൽകാൻ വിസമ്മതിച്ച് ക്ഷേത്ര ഭാരവാഹികൾ. തിരുപോരൂരിലെ അരുൾമിഗു കന്ദസ്വാമി ക്ഷേത്രത്തിലാണ് സംഭവം. വിനായകപുരം സ്വദേശി ദിനേശിന്റെ ഫോണാണ് അബദ്ധത്തിൽ ക്ഷേത്രഭണ്ഡാരത്തിൽ വീണത്. ഷർട്ടിന്റെ പോക്കറ്റിൽനിന്ന് നോട്ടുകൾ എടുക്കുന്നതിനിടെ ഐഫോൺ ഭണ്ഡാരപ്പെട്ടിയിൽ വീഴുകയായിരുന്നുവെന്നാണ് ദിനേശ് പറയുന്നത്. തുടർന്ന് ദിനേശ് ക്ഷേത്ര ഭാരവാഹികളെ സമീപിക്കുകയും ഫോൺ തിരികെ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഭണ്ഡാരത്തിൽ വഴിപാട് വെച്ചാൽ ദൈവത്തിനുള്ളതാണെന്നാണ് ക്ഷേത്ര ഭാരവാഹികൾ മറുപടി കൊടുത്തത്.
എങ്കിലും സിം കാർഡ് തിരികെനൽകി ഫോണിൽനിന്ന് ഡേറ്റകൾ ഡൗൺലോഡ് ചെയ്യാൻ അധികൃതർ അനുവാദം നൽകി. എന്നാൽ, ദിനേശ് മറ്റൊരു സിം കാർഡ് എടുത്തതിനാൽ ഐഫോണിനൊപ്പം സിം കാർഡും ക്ഷേത്ര അധികാരികൾക്ക് വിട്ടുകൊടുത്ത് മടങ്ങുകയായിരുന്നു.ഇരുമ്പുവേലികെട്ടി സംരക്ഷിച്ച ഹുണ്ടികയിൽ ഫോൺ എങ്ങനെ അബദ്ധത്തിൽ വീഴുമെന്നാണ് അധികൃതരുടെ ചോദ്യം. ‘പാളയത്തമ്മൻ’ എന്ന തമിഴ് സിനിമിയിൽ സമാനമായ ഒരു രംഗമുണ്ട്. ഹുണ്ടികയിൽ വീണത് ഫോണിനുപകരം ഒരു കുഞ്ഞായിരുന്നുവെന്നു മാത്രം. ആ കുഞ്ഞ് പിന്നീട് ക്ഷേത്രസ്വത്തായി മാറുന്നതാണ് സിനിമയുടെ പ്രമേയം.