ബെംഗളൂരു: കാത്തിരിപ്പിനൊടുവിൽ ബെംഗളൂരുവിൽ യുഎസ് കോൺസുലേറ്റും തുറക്കുന്നു. 2025 ജനുവരിയിൽ ബെംഗളൂരുവിൽ കോൺസുലേറ്റ് തുറക്കാനുള്ള പ്രവർത്തനങ്ങൾ യുഎസ് നടത്തുകയാണെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു. ബെംഗളൂരുവിൽ യുഎസ് കോൺസുലേറ്റ് ആരംഭിക്കാൻ കഠിനമായ ശ്രമങ്ങൾ നടത്തുകയാണെന്നും വൈകാതെ ശുഭവാർത്ത പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിൽ കോൺസുലേറ്റ് തുറക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു.
യുഎസ് കോൺസുലേറ്റ് സ്ഥാപിക്കാനുള്ള തീരുമാനം ബെംഗളൂരിവിൻ്റെ നാഴികക്കല്ലാണെന്ന് തേജസ്വി സൂര്യ എംപി പറഞ്ഞു. യുഎസ് അംബാസഡർ എറിക് ഗാർസെറ്റിയുടെ പ്രഖ്യാപനത്തോടെ ദീർഘകാല ആവശ്യം യാഥാർഥ്യമാകുന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും നന്ദി അറിയിച്ചു തേജസ്വി സൂര്യ എക്സിൽ കുറിച്ചു.വർഷങ്ങളായി ഇന്ത്യയുടെ ഐടി വരുമാനത്തിൻ്റെ 40 ശതമാനം സംഭാവന ചെയ്യുന്ന ബെംഗളൂരുവിൽ യുഎസ് കോൺസുലേറ്റ് ഇല്ലാത്തതിനാൽ വിസ സേവനങ്ങൾക്കായി ചെന്നൈയിലേക്കോ ഹൈദരാബാദിലേക്കോ പോകേണ്ട സാഹചര്യമുണ്ടായിരുന്നു.
ഇതേ തുടർന്ന് എംപി എന്ന നിലയിൽ ബെംഗളൂരുവിൽ യുഎസ് കോൺസുലേറ്റ് സ്ഥാപിക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയായിരുന്നുവെന്ന് തേജസ്വി സൂര്യ പറഞ്ഞു.2019 നവംബറിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തെഴുതി. ഇന്ത്യ – യുഎസ് ബന്ധത്തിൽ ബെംഗളൂരുവിൻ്റെ പങ്ക് ഊന്നിപ്പറഞ്ഞ് 2020ൽ അന്നത്തെ യുഎസ് അംബാസഡർ കെന്നത്ത് ജസ്റ്ററിനോടും വിഷയം ഉന്നയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2023ലെ യുഎസ് സന്ദർശന വേളയിൽ കോൺസുലേറ്റിൻ്റെ സ്ഥാപിക്കുന്നതു സംബന്ധിച്ചു ധാരണയിലെത്തിയിരുന്നുവെന്നും തേജസ്വി സൂര്യ പറഞ്ഞു.
ബെംഗളൂരുവിൽ കോൺസുലേറ്റുകൾ, ഹൈക്കമ്മീഷനുകൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ 31 ഓളം നയതന്ത്ര കാര്യാലയങ്ങളാണ് പ്രവർത്തിക്കുന്നത്. ജപ്പാൻ്റെ കോൺസുലേറ്റ് ജനറൽ, ബെൽജിയത്തിൻ്റെ ഹൈക്കമ്മീഷൻ , ഫ്രാൻസ്, ജർമനി, അയർലൻ്റ്, നെതർലാൻഡ്സ്, ഇസ്രായേൽ, കാനഡ, തുടങ്ങിയ വിവിധ രാജ്യങ്ങളുടെ കോൺസുലേറ്റ് ജനറൽ, വിവിധ ആഫ്രിക്കൻ രാജ്യങ്ങളുടെ ഹോണററി കോൺസുലേറ്റ്, യുകെ ഹൈക്കമ്മീഷൻ തുടങ്ങിയവ ബെംഗളൂരുവിൽ പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യയിലെ യുഎസ് എംബസി ഡൽഹിയിലാണ് പ്രവർത്തിക്കുന്നത്. മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ യുഎസ് കോൺസുലേറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. യുഎസിൽ ഇന്ത്യയ്ക്ക് അഞ്ച് കോൺസുലേറ്റുകളാണ് ഉള്ളത്. ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ, ചിക്കാഗോ, ഹൂസ്റ്റൺ, അറ്റലാൻ്റ എന്നിവിടങ്ങളിലാണ് ഇന്ത്യൻ കോൺസുലേറ്റുകൾ ഉള്ളത്. വാഷിങ്ടണിൽ ഇന്ത്യൻ എംബസിയും പ്രവർത്തിക്കുന്നു.