Home Featured ഓർഡർ ചെയ്ത് 10 മിനിറ്റിൽ ഫുഡ് കയ്യിലെത്തും; ബെംഗളൂരുവിൽ അതിവേഗം ഫുഡ് എത്തിച്ചുനൽകാനുള്ള സംവിധാനവുമായി ഒല

ഓർഡർ ചെയ്ത് 10 മിനിറ്റിൽ ഫുഡ് കയ്യിലെത്തും; ബെംഗളൂരുവിൽ അതിവേഗം ഫുഡ് എത്തിച്ചുനൽകാനുള്ള സംവിധാനവുമായി ഒല

by admin

ബെംഗളൂരു: രാജ്യത്തെ പ്രധാന ഐടി നഗരമായ ബെംഗളൂരുവിൽ അതിവേഗം ഫുഡ് എത്തിച്ചുനൽകാനുള്ള സംവിധാനവുമായി ഒല. ഓർഡർ ചെയ്ത് പത്ത് മിനിറ്റിനുള്ളിൽ ഫുഡ് എത്തിച്ച് നൽകാനാണ് ഒല ഒരുങ്ങുന്നത്. ‘ഒല ഡാഷ്’ വഴി പത്ത് മിനിറ്റിൽ ഫുഡ് ഡെലിവറി ആരംഭിക്കാൻ ഒല ഒരുങ്ങുന്നതായി സിഎൻബിസി റിപ്പോർട്ട് ചെയ്തു. സേവനം സംബന്ധിച്ച് ഒല ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. വൈകാതെ ഇക്കാര്യത്തിൽ ഒല പ്രതികരണം നടത്തിയേക്കും.ഈ വർഷം ജൂൺ മുതൽ ഒല ഡാഷ് ഫുഡ് ഡെലിവറി സേവനം ലഭ്യമാണ്.

ഈ വർഷം ജൂണിൽ ഒഎൻഡിസി വഴി ആരംഭിച്ച ഓലയുടെ ഫുഡ് ഡെലിവറി ഓഫറിൻ്റെ ഭാഗമാണ് ഒല ഡാഷ്. ഒല മെയിൻ ആപ്പിലെ ഫുഡ് ഡെലിവറി സെക്ഷൻ വഴി ബെംഗളൂരുവിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ സേവനം നിലവിൽ ലഭ്യമാണ്. എന്നാൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഏതാനം റസ്റ്റോറൻ്റുകൾ മാത്രമേ സേവനത്തിൽ ഉൾപ്പെടുത്തിയിരുന്നുള്ളൂ. ഈ സാഹചര്യം നിലനിൽക്കെയാണ് പത്ത് മിനിറ്റിനുള്ളിൽ ഫുഡ് ലഭ്യമാകുന്ന തരത്തിലുള്ള സേവനം ഒരുക്കാൻ ഒല തയാറെടുക്കുന്നത്.

ബെംഗളൂരുവിലെ തെരഞ്ഞെടുത്ത ചില പ്രദേശങ്ങളിൽ ഫുഡ് എത്തിച്ച് നൽകുന്ന സംവിധാനം ഒല ആരംഭിച്ചിരുന്നു. ബെംഗളൂരു നഗരത്തിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ Ola Cabs ആപ്പിൻ്റെ ഫുഡ് ഡെലിവറി വിഭാഗം വഴി സേവനം ലഭ്യമാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ബെംഗളൂരുവിൽ ‘ഓല പാഴ്സൽ’ സേവനം കമ്പനി ആരംഭിച്ചിരുന്നു. ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിച്ച് പാഴ്സലുകൾ എത്തിച്ച് നൽകുന്ന സംവിധാനമാണിത്. അഞ്ച് കിലോമീറ്ററിന് 25 രൂപയും 10 കിലോമീറ്ററിന് 50 രൂപയും 15 കിലോമീറ്ററിന് 75 രൂപയും 20 കിലോമീറ്ററിന് 100 രൂപയുമാണ് ഡെലിവറി ഫീസായി നിശ്ചയിച്ചിരിക്കുന്നത്.

ഒല കഴിഞ്ഞ വർഷം ബംഗളൂരുവിൽ ഇലക്ട്രിക് ബൈക്ക് ടാക്സി സേവനങ്ങൾ ആരംഭിച്ചിരുന്നു. ഇലക്ട്രിക് ബൈക്ക് ടാക്‌സി പ്രവർത്തനങ്ങളിലേക്കുള്ള കമ്പനിയുടെ ആദ്യ ചുവടുവെപ്പായിരുന്നു ഇത്. യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കിലായിരുന്നു സേവനം സജ്ജമാക്കിയിരുന്നത്. ബൈക്ക് ടാക്സികൾക്ക് അഞ്ച് കിലോമീറ്ററിന് 25 രൂപയും 10 കിലോമീറ്ററിന് 50 രൂപയുമാണ് ഒല നിശ്ചയിച്ചിരുന്നത്.

ഫുഡ് ഡെലിവറി സേവനങ്ങൾക്ക് സാധ്യതയുള്ള നഗരമായ ബെംഗളൂരുവിൽ സ്വിഗ്ഗി, സൊമാറ്റോ ആപ്പുകൾ വഴിയുള്ള ഫുഡ് ഡെലിവറി ഉയർന്ന തോതിലാണ്. ഈ മേഖലയിലേക്കാണ് പത്ത് മിനിറ്റിൽ ഓർഡർ എത്തിച്ച് നൽകുമെന്ന വാഗ്ദാനവുമായി ഒല എത്തുന്നത്. സ്വിഗ്ഗി, സൊമാറ്റോ എന്നിവയുമായി മത്സരിക്കാൻ ലക്ഷ്യമിട്ട് 2017ൽ 28 കോടി രൂപയ്ക്ക് ഫുഡ്‌പാണ്ടയെ ഒല ഏറ്റെടുത്തിരുന്നുവെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഇതോടെ 2019 പകുതിയോടെ ഫുഡ്‌പാണ്ടയുടെ പ്രവർത്തനങ്ങൾ കുറയ്ക്കുകയും ഒടുവിൽ 2020 ആദ്യത്തോടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. ഇങ്ങനെയൊരു ചരിത്രം നിലനിൽക്കെയാണ് ഒല പുതിയ നീക്കം നടത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group