ബെംഗളൂരു: യൂണിഫോമില്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി പോലീസ് ഉദ്യോഗസ്ഥൻ. കർണാടകയിലാണ് സംഭവം.ഭാര്യയുടെയും വീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തത് തിപ്പണ്ണ അലുഗുർ എന്ന 33കാരനാണ്. ജീവനൊടുക്കാൻ കാരണം ഭാര്യയും കുടുംബവും ആണെന്ന് വിവരിക്കുന്ന ഒരു പേജോളം വരുന്ന ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചതിന് ശേഷമാണ് ഇയാള്‍ മരിച്ചത്.സമാനകാരണത്താല്‍ ഐ ടി ജീവനക്കാരൻ ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ കഴിയവേയാണ് ഈ സംഭവം.
ഹുളിമാവ് സ്റ്റേഷനില്‍ ഹെഡ് കോണ്‍സ്റ്റബിളായ തിപ്പണ്ണ പാർവ്വതിയെ വിവാഹം ചെയ്യുന്നത് 3 വർഷം മുൻപാണ്. മാനസിക പീഡനം സഹിക്കവയ്യാതെ താൻ ജീവനൊടുക്കുകയാണെന്നും, സുസ്കുർ റെയില്‍വേ സ്റ്റേഷനരികില്‍ പാർക്ക് ചെയ്തിരിക്കുന്ന ഔദ്യോഗിക വാഹനം തിരികെയെടുക്കണമെന്ന് സഹപ്രവർത്തകരോട് അഭ്യർത്ഥിക്കുന്നതായും ഇയാളുടെ ആത്മഹത്യാക്കുറിപ്പില്‍ ഉണ്ട്. സംഭവത്തില്‍ തിപ്പണ്ണയുടെ അമ്മ പോലീസില്‍ പരാതി നല്‍കി.