Home Featured രേണുകാ സ്വാമി കൊലപാതകക്കേസ് ; നടൻ ദർശനും പവിത്രയ്ക്കും ജാമ്യം അനുവദിച്ച് കോടതി

രേണുകാ സ്വാമി കൊലപാതകക്കേസ് ; നടൻ ദർശനും പവിത്രയ്ക്കും ജാമ്യം അനുവദിച്ച് കോടതി

by admin

ബംഗളൂരു: രേണുകാ സ്വാമിയുടെ കൊലപാതകക്കേസിൽ കന്നഡ സൂപ്പർ താരം ദർശൻ തൂഗുദീപയ്ക്ക് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് വിശ്വജിത് ഷെട്ടിയുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നിലവിൽ ശസ്ത്രക്രിയക്കായി ഇടക്കാല ജാമ്യം കിട്ടി ആശുപത്രിയിൽ ആണ് ദർശൻ. ദർശന്‍റെ രക്തസമ്മർദ്ദത്തിന്റെ അളവിൽ വ്യത്യാസം വരുന്നുവെന്ന് കാണിച്ച് ജാമ്യകാലാവധി നീട്ടാൻ കോടതിയിൽ അഭിഭാഷകർ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയിൽ നേരത്തെ തന്നെ ജാമ്യകാലാവധി കോടതി നീട്ടി നൽകിയിരുന്നു.

തുടര്‍ന്നാണിപ്പോള്‍ ഹൈക്കോടതി ജാമ്യാപേക്ഷയിൽ ഉത്തരവിറക്കിയത്. കേസിൽ ഇതുവരെ ജാമ്യം കിട്ടാതിരുന്ന മറ്റു അഞ്ച് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.ദർശന്റെ കടുത്ത ആരാധകൻ ആയിരുന്നു കൊല്ലപ്പെട്ട രേണുക സ്വാമി. ചിത്രദുർഗയിലെ ഒരു മെഡിക്കൽ ഷോപ്പിൽ ജീവനക്കാരൻ ആയിരുന്നു ഇയാൾ. ജൂൺ 9നാണ് ബെംഗലൂരുവിലെ സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ അഴുക്കുചാലിൽ നിന്നും രേണുക സ്വാമിയുടെ മൃതദേഹം ലഭിച്ചത്. ആദ്യം പൊലീസ് ഇതൊരു ആത്മഹത്യയാണ് എന്നാണ് കരുതിയത്.

എന്നാല് പീന്നീട് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണ് എന്ന് തെളിയുകയായിരുന്നു.മൃതദേഹത്തിൽ ഇടുപ്പെല്ലിനും നടുവിനും കയ്യിലും ഗുരുതരമായി മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. ആദ്യഘട്ടത്തിൽ കസ്റ്റഡിയിലായവർ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സന്നദ്ധരായി എന്നാണ് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അവർ ആദ്യം സാമ്പത്തിക തർക്കത്തിൽ കൊലപാതകം നടത്തിയെന്നാണ് പറഞ്ഞത്. എന്നാൽ തുടർന്നും പൊലീസ് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും കൂടുതൽപ്പേർ പിടിയിലായി. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ദർശൻറെ പങ്ക് പൊലീസ് മനസിലാക്കിയത്. തുടർന്നായിരുന്നു അറസ്റ്റ്.

നടിയും സുഹൃത്തുമായ പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശമയച്ചതിൽ പ്രകോപിതനായാണ് ദർശനും കൂട്ടാളികളും ആരാധകൻ രേണുക സ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

You may also like

error: Content is protected !!
Join Our WhatsApp Group