ചലച്ചിത്ര താരങ്ങളായ ജയറാമിന്റേയും പാർവതിയുടേയും മകൻ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂരിൽ നടന്ന വിവാഹത്തിൽ മോഡലായ തരിണി കലിംഗരായരുടെ കഴുത്തിൽ കാളിദാസ് താലിചാർത്തി. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു.രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂർത്തത്തിലായിരുന്നു താലികെട്ട്. മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി, മകൻ ഗോകുൽ സുരേഷ് തുടങ്ങി സെലിബ്രിറ്റികൾ വിവാഹത്തിൽ പങ്കെടുത്തു.
ചുവപ്പിൽ ഗോൾഡൻ ബോർഡർ വരുന്ന മുണ്ടും മേൽമുണ്ടുമായിരുന്നു കാളിദാസിന്റെ ഔട്ട്ഫിറ്റ്. പഞ്ചകച്ചം സ്റ്റൈലിലാണ് മുണ്ടുടുത്തത്. പീച്ച് നിറത്തിലുള്ള സാരിയായിരുന്നു തരിണിയുടെ ഔട്ട്ഫിറ്റ്. സാരിയിൽ നിറയെ ഗോൾഡൻ വർക്കുകൾ ചെയ്തിരുന്നു. മുല്ലപ്പൂ കൂടി ചൂടി കൂടുതൽ സുന്ദരിയായിരുന്നു വധു.കഴിഞ്ഞ വെള്ളിയാഴ്ച്ച ഇരുവരും ചെന്നൈയിൽ പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ നടത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ഇതിൽ പങ്കെടുത്തത്. വയലറ്റ് നിറത്തിലുള്ള ദാവണിയായിരുന്നു തരിണയുടെ ഔട്ട്ഫിറ്റ്. ഗോൾഡൻ നിറത്തിലുള്ള മുണ്ടും ഷർട്ടുമായിരുന്നു കാളിദാസിന്റെ വേഷം.
കഴിഞ്ഞ നവംബറിൽ ചെന്നൈയിലായിരുന്നു കാളിദാസിന്റേയും തരിണിയുടേയും വിവാഹനിശ്ചയം. 2022-ൽ കാളിദാസിന്റെ വീട്ടിലെ ഓണാഘോഷത്തിന് തരിണിയും പങ്കെടുത്തതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം പരസ്യമാകുന്നത്. നീലഗിരി സ്വദേശിയായ തരിണി 2019ൽ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് കിരീടങ്ങൾ ചൂടി. 2022ലെ മിസ് ദിവാ യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ തരിണിയും പങ്കെടുത്തിരുന്നു.
ഒരു ചരിത്രം കുറിച്ചുകൊണ്ടാണ് ജയറാമിന്റെയും പർവതിയുടെയും വിവാഹം മുപ്പത്തി രണ്ടു വര്ഷം മുൻപേ ഗുരുവായൂരിൽ നടന്നത്. അന്നത്തെ പത്രത്താളുകളിൽ ഇവരുടെ വിവാഹത്തിന്റെ ദിവസങ്ങൾ അടുക്കാൻ പോകുന്നതിന്റെ കൗണ്ട് ഡൌൺ ഉണ്ടായിരുന്നു. എല്ലാവരും വിവാഹത്തിനു വരണേ എന്ന് പറഞ്ഞുകൊണ്ടുള്ള കൊണ്ടുള്ള കൗണ്ട് ഡൌൺ പരസ്യം പക്ഷേ നിയന്ത്രിക്കാൻ കഴിയാത്ത തിരക്കായി ഗുരുവായൂരിൽ. അത്രയധികം ആളുകളാണ് ഇരുവരുടെയും വിവാഹം കൂടാൻ എത്തിയതും. സ്വന്തം അച്ഛന് പോലും തിരക്ക് കാരണം മണ്ഡപത്തിൽ കയറാൻ ആകാത്ത അവസ്ഥ ആയി എന്നും ജയറാം പറഞ്ഞിരുന്നു.