ബില്ലിംഗില്‍ തെറ്റ് പറ്റിയതിനെ തുടർന്ന് മക്ഡൊണാള്‍ഡ്‍സിനെതിരെ പരാതിയുമായി ഒരു 33 -കാരൻ.ബെംഗളൂരുവിലാണ് സംഭവം നടന്നത്. തനിക്ക് മക്ഡൊണാള്‍ഡ്‍സ് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്.യുവാവ് ഓർഡർ ചെയ്തത് ഫ്രഞ്ച് ഫ്രൈസാണ്. എന്നാല്‍, ബില്ലടിച്ചത് ചിക്കൻ ബർഗറിനും. വെജിറ്റേറിയനായ തനിക്ക് ബില്ലില്‍ ചിക്കൻ ബർഗർ എന്ന് കണ്ടത് മാനസികപ്രയാസമുണ്ടാക്കി എന്നും അതിനാല്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം വേണം എന്നും പറഞ്ഞാണ് യുവാവ് പരാതി നല്‍കിയത്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ലിഡോ മാളിലെ മക്‌ഡൊണാള്‍ഡ്സ് ഔട്ട്‌ലെറ്റിലാണ് സംഭവം നടന്നത്. പരാതിക്കാരനും മരുമകനുമാണ് ഫ്രഞ്ച് ഫ്രൈസ് ഓർഡർ ചെയ്തത്. എന്നാല്‍, ബില്ലില്‍ മക്ഫ്രൈഡ് ചിക്കൻ ബർഗർ (എംഎഫ്‌സി) എന്നായിരുന്നു എഴുതിയിരുന്നത്. അതിന് വിലയും കൂടുതലായിരുന്നു. അപ്പോള്‍ തന്നെ അവർ തെറ്റ് തിരുത്തുകയും ഖേദം പ്രകടിപ്പിക്കുകയും നഷ്ടപരിഹാരം എന്ന നിലയില്‍ 100 രൂപ നല്‍കാൻ തയ്യാറാവുകയും ചെയ്തു.
എന്നാല്‍, മക്ഡൊണാള്‍ഡ്സില്‍ നിന്ന് ഔപചാരികമായി ഖേദം പ്രകടിപ്പിക്കണം എന്ന് യുവാവ് ആവശ്യപ്പെട്ടു. അത് കിട്ടിയില്ല എന്നും പറഞ്ഞാണ് യുവാവ് പരാതിയുമായി മുന്നോട്ട് പോയത്. ഒരു പോലീസ് പരാതി, മക്ഡൊണാള്‍ഡിന് ഒരു ഇമെയില്‍, ബാംഗ്ലൂർ അർബൻ II അഡീഷണല്‍ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലും പരാതി എന്നിവയെല്ലാം യുവാവ് ചെയ്തു.എന്നാല്‍, യുവാവിന്റെ പരാതി തള്ളിപ്പോയി. യുവാവിന് നല്‍കിയത് ഫ്രഞ്ച് ഫ്രൈസ് തന്നെയാണ്. അതുകൊണ്ട് വെജിറ്റേറിയനായ യുവാവിന് പ്രയാസമൊന്നും ഉണ്ടായില്ല. മാത്രമല്ല, ചെറിയൊരു തെറ്റ് പറ്റിപ്പോയതാണ്. അത് അപ്പോള്‍ തന്നെ തിരുത്തിയിട്ടുമുണ്ട് എന്നാണ് കണ്‍സ്യൂമർ കോർട്ട് പറഞ്ഞത്.
ആശുപത്രിയിലെ ശുചിമുറിയില്‍ ഒളിക്യാമറ, വനിത ഡോക്ടര്‍ കണ്ടുപിടിച്ചു; യുവ ഡോക്ടര്‍ അറസ്റ്റില്‍
ആശുപത്രിയിലെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കോയമ്ബത്തൂരിലാണ് സംഭവം.ശുചി മുറിയിലെത്തിയ വനിതാ ഡോക്ടറാണ് ഒളി ക്യാമറ ആദ്യം കണ്ടെത്തുന്നത്. പിന്നാലെ വിവരം അധികൃതരെ അറിയിച്ചു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് യുവ ഡോക്ടർ പിടിയിലാകുന്നത്.അന്വേഷണത്തില്‍ ശുചിമുറിയില്‍ ക്യാമറ വെച്ചത് ഡോക്ർ വെങ്കിടേഷ് ആണെന്ന് കണ്ടെത്തി.
പിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോയമ്ബത്തൂർ മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ആളാണ് വെങ്കിടേഷ്. 33 കാരനായ ഡോക്ടറില്‍ നിന്നും ഒളിക്യാമറയും മെമ്മറി കാർഡും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഐടി ആക്‌ട്, ഭാരത് ന്യായ് സൻഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.