Home Featured 12 വർഷം പഴക്കമുള്ള കാറിന് ‘സംസ്‌കാര ചടങ്ങ് നടത്തി കുടുംബം’; 1500 പേർ പങ്കെടുത്ത ചടങ്ങിന് ചിലവായത് നാല് ലക്ഷം രൂപ

12 വർഷം പഴക്കമുള്ള കാറിന് ‘സംസ്‌കാര ചടങ്ങ് നടത്തി കുടുംബം’; 1500 പേർ പങ്കെടുത്ത ചടങ്ങിന് ചിലവായത് നാല് ലക്ഷം രൂപ

by admin

രണ്ട് വർഷം പഴക്കമുള്ള തന്റെ കാറിന് അന്ത്യയാത്രയും സംസ്കാരചടങ്ങും നടത്തി ഗുജറാത്തിലെ ഒരു വാഹന പ്രേമി. 12 വർഷം പഴക്കമുള്ള മാരുതി വാഗണർ കാറിനാണ് ഉടമയായ സഞ്ജയ് പൊൽറ അന്ത്യയാത്ര ഒരുക്കിയത്. ഇതിനായി 15 അടി ആഴമുള്ള വലിയ കുഴി ഉൾപ്പെടെയുള്ള സന്നാഹങ്ങൾ തന്റെ കൃഷിയിടത്തിൽ ഒരുക്കുകയും ചെയ്തു.1500 പേർ പങ്കെടുത്ത ചടങ്ങിന് നാല് ലക്ഷം രൂപ ചെലവാകുകയും ചെയ്തു.ഗുജറാത്തിലെ അംറേലി ജില്ലയിൽ പദർശിങ്ക താലൂക്കിലാണ് കേട്ടുകേൾവിയില്ലാത്ത ചടങ്ങ് നടന്നത്. പൂക്കൾ കൊണ്ട് അലങ്കരിച്ച കാറിനെ ആചാരപൂർവം വീട്ടിൽ നിന്ന് കൃഷിയിടത്തിലേക്ക് കൊണ്ടുവന്നു.

പിന്നീട് ശ്രദ്ധാപൂർവം കുഴിയിലേക്ക് ഇറക്കി. അതിന് ശേഷം പച്ച നിറത്തിലുള്ള തുണികൊണ്ട് മൂടി അന്ത്യ പ്രാർത്ഥനകൾ നടന്നു. പൂജയും പുഷ്പാഭിഷേകവുമെല്ലാം കഴിഞ്ഞ ശേഷം മണ്ണുമാന്തി യന്ത്രങ്ങൾ കൊണ്ട് കുഴിയിലേക്ക് മണ്ണ് നീക്കിയിട്ട് മൂടുകയായിരുന്നു.സൂറത്തിൽ കൺസ്ട്രക്ഷൻ സ്ഥാപനം നടത്തുന്ന സഞ്ജയ്, തന്റെ കാറിന്റെ ഓർമകൾ വരും തലമുറയും കാത്തുസൂക്ഷിക്കണമെന്ന അഭിപ്രായക്കാരനാണ്. അതിനായി കാറിനെ അടക്കം ചെയ്ത സ്ഥലത്ത് മരം നട്ട് പരിപാലിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 12 വർഷം പഴക്കമുള്ള കാർ ഉപയോഗിച്ച് മടുത്തെങ്കിൽ വിൽക്കുകയോ പൊളിക്കുകയോ ചെയ്താൽ പോരേ എന്ന ചോദ്യത്തിന് സഞ്ജയ്ക്ക് മറ്റൊരു മറുപടിയാണ് പറയാനുള്ളത്.

12 വർഷം മുമ്പ് ഈ വാഗണർ കാർ വാങ്ങിയതിന് ശേഷമാണത്രെ തന്റെ കുടുംബത്തിന് അഭിവൃദ്ധിയുണ്ടായത്. ബിസിനസിലെ വിജയത്തിന് പുറമെ കുടുംബത്തിന് കൂടുതൽ ബഹുമാനം ലഭിക്കാനും തുടങ്ങി. തന്റെയും വീട്ടുകാരുടെയും എല്ലാ ഭാഗ്യത്തിനും കാരണം ഈ കാറാണെന്ന് സഞ്ജയ് കരുതുന്നു. അതുകൊണ്ട് തന്നെയാണ് കാറിന് കൃഷിയിടത്തിൽ ‘സമാധി’ ഒരുക്കിയത്. ഹിന്ദു ആചാര പ്രകാരം നടത്തിയ ചടങ്ങിൽ പുരോഹിതന്മാർ ഉൾപ്പെടെ പങ്കെടുത്തു. ഏതായാലും വീഡിയോ വൈറലായതോടെ കാര്‍ ഉടമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group