കർണാടകയില്‍ 53 ചരിത്ര സ്മാരകങ്ങള്‍ വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലാണെന്ന് വഖഫ് ബോർഡ്. വിജയപുര ജില്ലയിലെ പ്രശസ്തമായ ഗോല്‍ ഗുംബസ്, ഇബ്രാഹിം റൗസ, ബാര കാമൻ എന്നിവയടക്കമുള്ള സ്മാരകങ്ങള്‍ വഖഫ് ബോർഡിന്റേതാണെന്നാണ് വിവരാവകാശ പ്രകാരമുള്ള മറുപടി.ഒരുകാലത്ത് ആദില്‍ ഷാഹി ഭരണകർത്താക്കളുടെ ഭരണകേന്ദ്രമായിരുന്നു ബിജാപുർ എന്ന വിജയപുര. വിജയപുരയിലെ 43 സ്മാരകങ്ങള്‍ വഖഫ് ബോർഡിന് കീഴിലാണെന്ന് 2005ല്‍ വഖഫ് ബോർഡ് അറിയിച്ചിരുന്നു. ഇവയടക്കം സംസ്ഥാനത്തെ 53 സ്മാരകങ്ങള്‍ തങ്ങളുടേതാണെന്നാണ് വഖഫ് ബോർഡ് അറിയിച്ചത്.
അതേസമയം, വിജയപുരയിലെ 43 സ്മാരകങ്ങള്‍ റെക്കോഡ് ഓഫ് റൈറ്റ്സ് (ആർ.ഒ.ആർ) പ്രകാരം വഖഫ് ബോർഡിന്റേതാണെങ്കിലും ഇവ കൈയാളുന്നത് ആർക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ആണ്. വിജയപുരയിലെ സ്മാരകങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വഖഫ് ബോർഡോ വിജയപുര ജില്ല ചുമതലയുള്ള ഡെപ്യൂട്ടി കമീഷണറോ അവകാശവാദമുന്നയിച്ചിട്ടില്ലെന്ന് നേരത്തേ ആർക്കിയോളജി വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.ഇവയില്‍ പല സ്മാരകങ്ങളും 1958ലെ ആൻഷ്യന്റെ മൊനുമന്റ്സ് ആൻഡ് ആർക്കിയോളജിക്കല്‍ സൈറ്റ്സ് ആൻഡ് റിമൈൻസ് ആക്‌ട് പ്രകാരം ആർക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ സംരക്ഷിച്ചുവരുന്നവയാണ്.
ഒരു തവണ ആർക്കിയോളജി വിഭാഗത്തിന്റെ കൈയിലായ വസ്തുക്കള്‍ പിന്നീടും അങ്ങനെത്തന്നെയാണെന്നാണ് ആർക്കിയോളജി വകുപ്പിന്റെ വിശദീകരണം. എന്നാല്‍, ഇവയില്‍ പലതും കൈയേറ്റം ചെയ്യപ്പെടുകയോ അശാസ്ത്രീയമായി നവീകരണം നടത്തുകയോ ചെയ്തതായാണ് ആരോപണം. ചില കെട്ടിടങ്ങളില്‍ എയർ കണ്ടീഷനും ഫ്ലൂറസെന്റ് ലൈറ്റുകളും സ്ഥാപിച്ചു. ചില വസ്തുക്കള്‍ വാണിജ്യ, റെസിഡന്റ്സ് കെട്ടിടങ്ങളുമാക്കിയെന്നും ആരോപണമുണ്ട്.
സ്മാരകങ്ങള്‍ നമ്മുടെ ചരിത്രത്തിന്റെ ജീവിക്കുന്ന തെളിവുകളാണെന്നും ആർക്കിയോളജി വകുപ്പ് നിർദേശിക്കുന്ന രീതിയില്‍ മാത്രമേ നവീകരണം പാടുള്ളൂവെന്നും പേര് വെളിപ്പെടുത്താത്ത ഓഫിസർ അറിയിച്ചു. വിജയപുരയിലെ 43 സ്മാരകങ്ങളില്‍ പ്ലാസ്റ്ററും സിമന്റും ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. ചില വസ്തുക്കള്‍ കടയുടമകളുടെ കൈയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.