ബി.എസ്. യെദ്യുരപ്പയെ മുഖ്യമന്ത്രിയാക്കാൻ മകനും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ ബി.വൈ. വിജയേന്ദ്ര ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് 2000 കോടി രൂപ നൽകിയെന്ന് ബി.ജെ.പി. നേതാവുതന്നെ ആരോപിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാകാൻ വിജയേന്ദ്ര കൂടുതൽ കോടികൾ നൽകിയെന്ന് ആ നേതാവ് ആരോപിച്ചെന്നും സിദ്ധരാമയ്യ എക്സിൽ കുറിച്ചു.
സിദ്ധരാമയ്യ സർക്കാരിൻ്റെ ഒന്നരവർഷത്തെ ഭരണത്തിൽ സംസ്ഥാനത്ത് വികസനമുണ്ടായിട്ടില്ലെന്നും അഴിമതിമാത്രമാണ് നടന്നതെന്നും വിജയേന്ദ്ര ആരോപിച്ചിരുന്നു. സിദ്ധരാമയ്യ സർക്കാരിന്റെ വാഗ്ദാനപദ്ധതികൾ സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെ ബാധിച്ചെന്നും ചൂണ്ടിക്കാട്ടി.
ഇതിന് മറുപടിയായാണ് സിദ്ധരാമയ്യയുടെ ആരോപണങ്ങൾ. ‘ഇക്കാര്യങ്ങൾ ചർച്ചചെയ്യുന്നതിനുപകരം താങ്കളുടെതന്നെ പാർട്ടിയിലെ നേതാക്കളായ ബസനഗൗഡ പാട്ടീൽ യത്നൽ, രമേഷ് ജാർക്കിഹോളി എന്നിവരുമായി ഒരുവട്ടം ചർച്ചനടത്തൂ’ -സിദ്ധരാമയ്യ വിജയേന്ദ്രയോട് ആവശ്യപ്പെട്ടു. ബി.ജെ.പി.യിൽ യെദ്യുരപ്പയ്ക്കും വിജയേന്ദ്രയ്ക്കുമെതിരേ കടുത്ത ആരോപണങ്ങളുന്നയിക്കുന്ന നേതാക്കളാണ് യത്നലും രമേഷ് ജാർക്കിഹോളിയും.
ട്രാൻസ്ഫോര്‍മര്‍ മോഷ്ടിക്കാൻ ശ്രമിച്ചയാള്‍ക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്; നദിയിലെറിഞ്ഞ് ഒപ്പമുള്ളവര്‍
ട്രാൻസ്ഫോർ മോഷ്ടിക്കാൻ ശ്രമിക്കവെ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റയാളെ ഒപ്പമുള്ള സംഘാംഗങ്ങള്‍ നദിയിലെറിഞ്ഞു.ഉത്തർപ്രദേശിലെ കാൻപുരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റിട്ടും ജീവനോടെയുണ്ടായിരുന്നയാളെയാണ് ഒപ്പമുണ്ടായിരുന്ന നാലുപേർ ഗംഗാനദിയിലേക്ക് വലിച്ചെറിഞ്ഞത്. ഇയാള്‍ക്കായി നദിയില്‍ തിരച്ചില്‍ തുടരുകയാണ്. അതേസമയം, യുവാവിനെ നദിയിലെറിഞ്ഞ നാലുപേരില്‍ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 26-നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
കാൻപുരിലെ കേണല്‍ഗഞ്ജിലുള്ള ഹിമാൻഷു എന്ന 22-കാരനായ ആക്രി വ്യാപാരിക്കാണ് മോഷണശ്രമത്തിനിടെ ഷോക്കേറ്റത്. ട്രാൻസ്ഫോർമർ മോഷണക്കേസില്‍ ഇയാള്‍ നേരത്തേ അറസ്റ്റിലായിട്ടുണ്ട്. ഷാൻ അലി, അസ്ലം, വിശാല്‍, രവി എന്നിവർക്കൊപ്പമാണ് ഹിമാൻഷു ഒക്ടോബർ 26-ന് മോഷണത്തിന് ഇറങ്ങിയത്. കാൻപുരിലെ ഗുരുദേവ് പാലസ് ഇന്റർസെക്ഷനിലെ ട്രാൻസ്ഫോർമർ മോഷ്ടിക്കാനാണ് ഇവർ പദ്ധതിയിട്ടത്. മോഷണത്തിനിടെ വൈദ്യുതി പ്രവഹിക്കുന്ന കേബിളില്‍ സ്പർശിച്ചതോടെയാണ് ഇയാള്‍ക്ക് ഷോക്കേറ്റത്.
ഇതോടെ പരിഭ്രാന്തരായ നാലുപേരും കൈകാലുകള്‍ കെട്ടിയശേഷം പാലത്തില്‍ നിന്ന് ഹിമാൻഷുവിനെ ഗംഗാനദിയിലേക്ക് എറിയുകയായിരുന്നു. ഹിമാൻഷു തിരിച്ചെത്താതായതോടെ അമ്മ മഞ്ജു ദേവി പോലീസില്‍ പരാതി നല്കി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷാൻ അലിയും അസ്ലമും വിശാലും പിടിയിലാകുന്നത്. ചോദ്യം ചെയ്യലിനിടെ ഇവർ ഉണ്ടായ കാര്യങ്ങള്‍ പോലീസിനോട് ഏറ്റുപറഞ്ഞു. സംഭവസ്ഥലത്ത് നേരിട്ടെത്തി പരിശോധിച്ച പോലീസ് പ്രതികള്‍ പറഞ്ഞ കാര്യങ്ങള്‍ സ്ഥിരീകരിക്കുകയും ഹിമാൻഷുവിനായി നദിയില്‍ തിരച്ചില്‍ നടത്താൻ വിവിധ സംഘങ്ങളെ നിയോഗിക്കുകയും ചെയ്തു. അറസ്റ്റിലായ മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.