11,312 മെട്രിക് ടണ്‍ ഇരുമ്ബയിര് അനധികൃതമായി കടത്തിയതുമായി ബന്ധപ്പെട്ട ബെലെകേരി തുറമുഖ കേസില്‍ കാർവാർ എംഎല്‍എ സതീഷ് സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തു.കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ പ്രത്യേക കോടതി വിധിച്ചതിന് പിന്നാലെ വ്യാഴാഴ്ച വൈകുന്നേരമാണ് സതീഷ് സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തത്. പരപ്പന അഗ്രഹാര ജയിലിലാണ് അദ്ദേഹം ഇപ്പോള്‍.
ഷിരൂർ ദുരന്തത്തിലെ ഇടപെടല്‍ വഴി മലയാളികള്‍ക്ക് സുപരിചിതനാണ് സതീഷ് കൃഷ്ണ സെയില്‍.സെയിലിനെയും മറ്റ് രണ്ട് പ്രതികളെയും ഉടൻ കസ്റ്റഡിയില്‍ എടുക്കാനും ശിക്ഷ പ്രഖ്യാപിക്കുന്ന ഒക്ടോബർ 25ന് ഉച്ചയ്ക്ക് 12.30 ന് കോടതിയില്‍ ഹാജരാക്കാനും പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് സന്തോഷ് ഗജാനൻ ഭട്ട് ഉത്തരവിട്ടു.
2010ല്‍ കാർവാർ തുറമുഖം വഴി ബല്ലാരിയില്‍ നിന്ന് മാംഗനീസ് കയറ്റുമതി ചെയ്തതും അന്നത്തെ ലോകായുക്ത എൻ സന്തോഷ് ഹെഗ്ഡെ അനധികൃത ഖനനത്തെക്കുറിച്ചുള്ള തൻ്റെ റിപ്പോർട്ടില്‍ അഴിമതി തുറന്നുകാട്ടുകയും 7.74 ദശലക്ഷം ടണ്‍ ഇരുമ്ബയിര് അനധികൃതമായി കയറ്റുമതി ചെയ്തതായി കണ്ടെത്തുകയും ചെയ്തിരുന്നു. 2006-07ലും 2010-11ലും സംസ്ഥാന ഖജനാവിന് കാര്യമായ നഷ്ടമുണ്ടാക്കി.
അഴിമതിയില്‍ ഉള്‍പ്പെട്ട മല്ലികാർജുന ഷിപ്പിംഗ് കോർപ്പറേഷന്റെ ഉടമ സതീഷ് സെയിലിനും ഫോറസ്റ്റ് ഓഫീസർ മഹേഷ് ബിലിയേയും മറ്റുള്ളവരേയും പ്രതികളാക്കി അഴിമതി അന്വേഷിച്ച സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, അതിക്രമിച്ച് കടക്കല്‍, അഴിമതി എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.