ബേംഗളൂരു; നഗരത്തില്‍ കനത്ത നാശം വിതച്ച് മഴ. ദുരിതപെയ്ത്തില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനിടയിലായി.മഴയ്ക്കിടെയുണ്ടായ വാഹനാപകടത്തില്‍ സർജാപൂരില്‍ 56കാരി മരിച്ചു. മല്ലിക എന്ന സ്ത്രീയമാണ് മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു ഇവർ. റോഡിലെ കുഴിയില്‍ നിന്നും വണ്ടി തെറ്റിക്കുന്നതിനിടെ ബൈക്കിന് പിന്നില്‍ ട്രെക്ക് ഇടിക്കുകയായിരുന്നു.സർജാപൂരില്‍ 40 മില്ലിമീറ്റർ മഴയാണ് ഇന്നലെ മാത്രം പെയ്തത്. മഴ കനത്തതോടെ ഗതാഗതം തടസപ്പെട്ടു. അതിനിടെ കെങ്കേരിയില്‍ സഹോദരങ്ങളെ തടാകത്തില്‍ വീണ് കാണാതായി. ശ്രീനിവാസ് (13), ലക്ഷ്മി (11) എന്നിവരെയാണ് കാണാതായത്. തിങ്കഴാഴ്ച സന്ധ്യയ്ക്ക് 6 മണിയോടെയാണ് സംഭവം.
കുട്ടികള്‍ തടാകത്തില്‍ വെള്ളം എടുക്കാൻ പോയതാണെന്നാണ് വിവരം. ആദ്യം ലക്ഷ്മിയാണ് തടാകത്തിലേക്ക് വീണത്. സഹോദരി വെള്ളത്തില്‍ മുങ്ങിത്താണതോടെ പെണ്‍കുട്ടിയെ രക്ഷിക്കാനാണ് ശ്രീനിവാസ് വെള്ളത്തിലേക്ക് എടുത്ത് ചാടിയത്. എന്നാല്‍ രണ്ട് പേരും വെള്ളത്തിലേക്ക് താഴ്ന്ന് പോകുകയായിരുന്നു. കുട്ടികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.മഴ കനത്തതോടെ റോഡില്‍ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. വെള്ളം കെട്ടികിടക്കുന്ന റോഡില്‍ വീണ് കിടക്കുന്ന അംഗപരിമിതയായ സ്ത്രീയുടെ ഒരു വീഡിയോയും ഇതിനിടയില്‍ സോഷ്യല്‍ മീഡിയ പ്രചരിക്കുന്നുണ്ട്.
വർതൂർ മേഖലയില്‍ നിന്നുള്ളതാണ് സംഭവം. സ്ത്രീ കഷ്ടപ്പെട്ട് എഴുന്നേറ്റ് നില്‍ക്കാൻ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.കഴിഞ്ഞ മൂന്ന് ദിവസമായി ബെംഗളൂരുവില്‍ കനത്ത മഴ തുടരുകയാണ്. വടക്കൻ ബെംഗളൂരിവിലെ യെലഹങ്ക, വിദതരണയപുര, ജക്കൂർ, കൊടിഗെഹള്ളി, ഹൊറമാവ് തുടങ്ങിയ പ്രദേശങ്ങളില്‍ തിങ്കളാഴ്ച രാത്രി മുഴുവൻ അതിശക്തമായ മഴയാണ് ലഭിച്ചത്. മഴ കനത്തതോടെ ദൊഡ്ഡബൊമ്മസാന്ദ്ര തടാകത്തില്‍ വെള്ളം കയറിയതായി പ്രദേശവാസികള്‍ പറഞ്ഞു.
പ്രദേശത്തെ വീടുകളില്‍ ആറടി വരെ വെള്ളം കയറി. ടാറ്റ നഗർ, ഭദ്രപ്പ ലേഔട്ട്, കൊടിഗെഹള്ളി, ഹെബ്ബാള്‍ സരോവര ലേഔട്ട് തുടങ്ങിയ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദികപ്പെട്ടതായും പ്രദേശവാസികള്‍ പരാതിപ്പെട്ടു. ഇവിടങ്ങളില്‍ ജലവിതരണവും തടസപ്പെട്ടിരിക്കുകയാണെന്നും സഹായത്തിനായി ബിബിഎംപിയുടെ കണ്‍ട്രോള്‍ റൂമിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചിട്ടും അവിടെ നിന്ന് പ്രതികരണമുണ്ടായില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു.
കൊടിഗെഹള്ളി പ്രദേശത്ത് ചിത്രകൂട റസിഡൻസി അപ്പാർട്ട്‌മെന്റ് സമുച്ചയത്തില്‍ മതില്‍ ഇടിഞ്ഞ് വീണതിനെ തുടർന്ന് മഴവെള്ളം അപ്പാർട്ട്മെന്റിന്റെ ബേസ്മെന്റിലേക്ക് ഇരച്ച് കയറി. തൊട്ടടുത്തുള്ള കൈസർ റെസിഡൻസിയിലും വെള്ളം കയറി. സഹകർ നഗറില്‍ വെള്ളം കയറിയതോടെ നിരവധി കാറുകളും മുങ്ങി. ബസവസമിതി ലേ ഔട്ട്, വെങ്കിടസ്വാമപ്പ ലേ ഔട്ട്, എംഎസ് പാളയ, ടെലികോം ലേ ഔട്ട്, കൊടിഗെഹള്ളി, ന്യൂ ബിഇഎല്‍ ലേ ഔട്ട്, ടാറ്റാ നഗർ എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
അതേസമയം നാശനഷ്ടങ്ങള്‍ക്ക് സർക്കാർ മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. നാശനഷ്ടങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ഇത് സംബന്ധിച്ച് സർവ്വെ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.