ബെംഗളൂരു∙ നഗരത്തെ വെള്ളക്കെട്ടിലാഴ്ത്തി ദുരിതം വിതച്ച് കനത്ത മഴ തുടരുന്നതിനിടെ, അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലെ വീഴ്ചകളെക്കുറിച്ചുള്ള ചർച്ചകളുമായി ജനം സമൂഹമാധ്യമങ്ങളിൽ സജീവമായി. യാത്ര പരമാവധി ഒഴിവാക്കി വീടുകളിൽ തന്നെ കഴിയണമെന്ന് ബിബിഎംപി സർക്കുലർ ഇറക്കിയതാണ് പ്രകോപനമായത്. വെള്ളക്കെട്ടുകളുടെയും ഗതാഗതക്കുരുക്കിന്റെയും ചിത്രങ്ങളും വിഡിയോകളും അവർ പങ്കുവച്ചു. ഇത്രയധികം നികുതി ഈടാക്കുന്ന നഗരത്തിൽ ഇതെന്തൊരു നരകജീവിതമാണെന്ന ചോദ്യമാണ് ഭൂരിപക്ഷവും ഉന്നയിച്ചത്.
വെള്ളക്കെട്ടും ഗതാഗതക്കുരുക്കും :മജസ്റ്റിക്, രാജരാജേശ്വരി നഗർ, നന്ദിനി ലേഒൗട്ട്, ബിടിഎം ലേഒൗട്ട്, എച്ച്എസ്ആർ ലേഒൗട്ട്, കെങ്കേരി തുടങ്ങിയ ഇടങ്ങളിലാണ് കനത്ത മഴ തുടരുന്നത്. ഒൗട്ടർ റിങ് റോഡ്, സിൽക്ക് ബോർഡ്, നാഗവാര ജംക്‌ഷൻ, മൈസൂരു റോഡ്, ഗുഞ്ജൂർ, മില്ലേഴ്സ് റോഡ് അടിപ്പാത, സാങ്കി റോഡ്, വിമാനത്താവള പാതയിലെ വഡ്ഡരപാളയ ജംക്‌ഷൻ, ഗംഗാ നഗർ, പാണത്തൂർ അടിപ്പാത, മർഫി ടൗൺ, അൾസൂർ, ഓൾഡ് മദ്രാസ് റോഡ്, ബെലന്തൂർ, ഈജിപുര, കോറമംഗല, തുടങ്ങിയ ഇടങ്ങളിലാണ് കൂടുതലും വെള്ളക്കെട്ടു ദുരിതം.
ലാൽബാഗ് തടാകം കരകവിഞ്ഞതിനെ തുടർന്ന് സമീപ പ്രദേശങ്ങൾ വെള്ളത്തിലായി. ഹരിഹര പാർക്കിന്റെ ചുറ്റുമതിൽ ഇടിഞ്ഞു. ഈ മേഖലകളിൽ ഇന്നലെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ജയനഗറിലും പട്ടാഭിരാമനഗറിലും മരം കടപുഴകി വീണ് തടസ്സമുണ്ടായി. ഇവിടങ്ങളിലേക്ക് വേണ്ടത്ര വെബ്ടാക്സികളും ഓട്ടോകളും ലഭിക്കാത്ത സാഹചര്യമാണെന്ന് പരാതിയുണ്ട്