ഗാസിയാബാദിലെ ഒരു വീട്ടിലെ അടുക്കളയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്.അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുന്ന ദൃശ്യമാണിതെങ്കിലും അത്ര സുഖകരമല്ല ഈ വീഡിയോ എന്നതാണ് കാഴ്ചക്കാരെ നടുക്കുന്നത്. വീട്ടിലെ അംഗങ്ങള്‍ക്ക് നിരന്തരം കരള്‍ സംബന്ധമായ അസുഖം വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഡോക്ടറെ കാണിച്ചിട്ടും മരുന്നുകള്‍ കഴിച്ചിട്ടും വീണ്ടും പലവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയായിരുന്നു. അതോടെയാണ് ഭക്ഷണത്തില്‍ നിന്നാണ് അസുഖം ഉണ്ടാകുന്നത് എന്ന് വീട്ടുകാർക്ക് സംശയം തോന്നിയത്.
തുടർന്നാണ് ബിസിനസുകാരനായ വീട്ടുടമ അടുക്കളയില്‍ മൊബൈല്‍ ക്യാമറ വയ്ക്കാൻ തീരുമാനിച്ചത്.തങ്ങള്‍ക്ക് വേണ്ടി ജോലിക്കാരി എങ്ങനെയാണ് ഭക്ഷണമുണ്ടാക്കുന്നത് എന്നറിയാനാണ് മൊബൈല്‍ ക്യാമറ ഓണാക്കി വച്ചത്. ദൃശ്യങ്ങളില്‍ വീട്ടിലെ ജോലിക്കാരി അടുക്കള വാതില്‍ അടയ്ക്കുന്നതും ഒരു പാത്രത്തില്‍ മൂത്രമൊഴിക്കുന്നതും കാണാം. പിന്നാലെ അതുപയോഗിച്ച് മാവ് കുഴച്ചാണ് ഇവർ ഭക്ഷണമുണ്ടാക്കിയത് എന്നാണ് റിപ്പോർട്ടുകള്‍. പരാതിക്ക് പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു.
എട്ടുവർഷമായി ഇവിടുത്തെ ജോലിക്കാരിയാണ് ഇവരെന്നും ഇത്തരത്തില്‍ ഒരു കാര്യം ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ല എന്നും വീട്ടുടമ പറയുന്നു. അതേസമയം വീട്ടുകാർ ജോലിക്കാരിയെ ടോയ്‌ലെറ്റ് ഉപയോഗിക്കാൻ അനുവദിക്കാത്തതിനാലാണ് പാത്രത്തില്‍ മൂത്രം ഒഴിച്ചതെന്നും ആരോപണം ഉണ്ട്. ജോലിക്കാരി വീട്ടുകാരുടെ ആരോപണം നിഷേധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്