മൈസൂരു കൊട്ടാരം കേന്ദ്രീകരിച്ച് 10 ദിവസം നീണ്ടുനിന്ന ദസറ ആഘോഷങ്ങള്‍ക്ക് ജംബോ സവാരിയോടെ കൊടിയിറങ്ങി.ഗജവീരൻ അഭിമന്യു തുടർച്ചയായ അഞ്ചാം തവണ സുവർണ സിംഹാസനം വഹിച്ച് ജംബോ സവാരി നയിച്ചു. 12 ആനകള്‍ അകമ്ബടിയേകി. കൊട്ടാരം അങ്കണത്തില്‍നിന്ന് ആരംഭിച്ച് അഞ്ച് കിലോമീറ്റർ നീണ്ടുനിന്ന നഗരപ്രദക്ഷിണത്തിനുശേഷം ബന്നിമണ്ഡപം ഗ്രൗണ്ടില്‍ സമാപിച്ചു. പാതയോരങ്ങളിലും കെട്ടിടങ്ങള്‍ക്ക് മുകളിലും വൃക്ഷശിഖരങ്ങളിലും വരെ തിങ്ങിനിന്ന് ജനം കാഴ്ചക്കാരായി.അംബാവിലാസ് കൊട്ടാരവളപ്പിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടരക്ക് നന്ദിധ്വജ പൂജയോടെ സമാപനച്ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്നതിന് തൊട്ടുമുമ്ബേ നേരിയതോതില്‍ ആരംഭിച്ച മഴ 3.15ന് പൂർണമായി മാറി.
പിന്നീട് തെളിഞ്ഞ അന്തരീക്ഷം തുടർന്നു. ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം 750 കിലോ ഭാരമുള്ള സ്വർണ സിംഹാസനത്തില്‍ പ്രതിഷ്ഠിച്ചു.ധ്വജപൂജക്ക് പിന്നാലെ ജംബോ സവാരി ഫ്ലാഗ് ഓഫ് ചെയ്ത മുഖ്യമന്ത്രി സിദ്ധരാമയ്യ, കർണാടകയിലെ മുഴുവൻ ജനങ്ങളുടെയും ഐശ്വര്യത്തിനായി പ്രാർഥിച്ചു. നഗരപ്രദക്ഷിണത്തിനു ശേഷം ജംബോ സവാരി വൈകീട്ട് ആറിന് ബന്നിമണ്ഡപം ഗ്രൗണ്ടില്‍ സമാപിക്കുന്നതിന് അരമണിക്കൂർ മുമ്ബേ മുഖ്യമന്ത്രി വേദിയില്‍ എത്തിയിരുന്നു.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മൈസൂരു ജില്ല ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ആനപ്പുറത്തെ സിംഹാസനത്തിലെ ചാമുണ്ഡേശ്വരി ദേവി വിഗ്രഹത്തില്‍ പൂക്കള്‍ അർപ്പിച്ചു. പൊലീസ് അശ്വാരൂഡ സേനയും നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും ജംബോ സവാരി-സാംസ്കാരിക ഘോഷയാത്രക്ക് കൊഴുപ്പേകി.