Home Featured ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ !; വസ്ത്രം വാങ്ങാന്‍ 11 കോടി, ഭക്ഷണത്തിനും വെള്ളത്തിനും 10 കോടി; വയനാട് ദുരന്തത്തില്‍ ചെലവിട്ട കണക്ക് പുറത്ത്

ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ !; വസ്ത്രം വാങ്ങാന്‍ 11 കോടി, ഭക്ഷണത്തിനും വെള്ളത്തിനും 10 കോടി; വയനാട് ദുരന്തത്തില്‍ ചെലവിട്ട കണക്ക് പുറത്ത്

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ അടക്കം സര്‍ക്കാര്‍ ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്. ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയാണ് ചെലവായത്. ഇതു പ്രകാരം 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി 2 കോടി 76 ലക്ഷം ചെലവിട്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വന്ന വൊളണ്ടിയര്‍മാര്‍ക്ക് യൂസേഴ്‌സ് കിറ്റ് (ടോര്‍ച്ച്, അംബ്രല്ല, റെയിന്‍കോട്ട, ഗംബൂട്ട് എന്നിവ) നല്‍കിയ വകയില്‍ 2 കോടി 98 ലക്ഷം രൂപ ചെലവായതായും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് വസ്ത്രം വാങ്ങാന്‍ 11 കോടി ചെലവിട്ടതായും സര്‍ക്കാര്‍ അറിയിച്ചു.

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ കണക്കുകള്‍ അറിയിച്ചത്. വൊളണ്ടിയര്‍മാരെ ദുരന്തമേഖലയിലേക്ക് കൊണ്ടുപോകുന്നതിനായി നാലു കോടി രൂപ ചെലവഴിച്ചു. സൈനികര്‍ക്കും വൊളണ്ടിയര്‍മാര്‍ക്കും ഭക്ഷണത്തിനും വെള്ളത്തിനുമായി 10 കോടി ചെലവഴിച്ചുവെന്നും, ഇവരുടെ താമസത്തിനായി 15 കോടി ചെലവിട്ടതായും അറിയിക്കുന്നു.ദുരന്തമുണ്ടായ ചൂരല്‍മലയില്‍ നിന്നും മുണ്ടക്കൈയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിന് 12 കോടി ചെലവായി. ബെയ്‌ലി പാലത്തിന്റെ കല്ലുകള്‍ നിരത്തിയത് അടക്കമുള്ള അനുബന്ധ ജോലികള്‍ക്ക് ഒരു കോടി രൂപ ചെലവഴിച്ചു.

വൊളണ്ടിയര്‍മാര്‍ക്കും സൈനികര്‍ക്കും ചികിത്സാ ചെലവായി രണ്ടുകോടി രണ്ടു ലക്ഷം രൂപയും ചെലവിട്ടു. ക്യാമ്പുകളിലേക്കുള്ള ഭക്ഷണ ചെലവ് എട്ടു കോടി രൂപയായി. ക്യാമ്പുകളില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഏഴു കോടി ചെലവിട്ടു.ദുരന്തമുണ്ടായ ചൂരല്‍മലയില്‍ വെള്ളം കെട്ടി നിന്ന ഭാഗങ്ങളില്‍ വെള്ളക്കെട്ട് ാെഴിവാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നു കോടി രൂപ ചെലവഴിച്ചു. ഡ്രോണ്‍, റഡാര്‍ വാടക മൂന്നു കോടിയാണ്. ഡിഎന്‍എ പരിശോധനയ്ക്കായി മൂന്നുകോടി ചെലവാക്കി.

ജെസിബി, ഹിറ്റാച്ചി, ക്രെയിന്‍സ് തുടങ്ങിയ യന്ത്രങ്ങള്‍ക്കായി 15 കോടിയും, എയര്‍ ലിഫ്റ്റിങ് ഹെലികോപ്ടര്‍ ചാര്‍ജ് 17 കോടിയും ദുരിതാശ്വാസ നിധിയില്‍ നിന്നും ചെലവായതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കൃഷി നഷ്ടമുണ്ടായതിന് ഹെക്ടറിന് 47,000 രൂപ നല്‍കുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group