വാഷിങ്ടണ്‍: ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഗവേഷകര്‍ കൊവിഡ് വ്യാപനത്തിന് മുന്‍പ് തന്നെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ട്. മൂന്ന് ഗവേഷകര്‍ ചികിത്സ തേടിയിരുന്നതായാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ പുറത്ത് വിടാത്തെ യുഎസ് അന്വേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് മാധ്യമ വാര്‍ത്തകള്‍.
വൈറസ് വ്യാപനം ഉണ്ടായത് വുഹാനിലെ ലാബില്‍ നിന്നാണെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നതാണ് പുതിയ റിപ്പോര്‍ട്ടിലെ തെളിവുകള്‍. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കൊവിഡ് 19 വ്യാപനത്തെക്കുറിച്ച് ചൈന ലോകത്തിന് മുന്നറിയിപ്പ് നല്‍കുന്നതിന് മുന്‍പാണ് ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.
എത്ര ഗവേഷകരാണ് അസുഖബാധിതരായത്, അസുഖം ബാധിച്ച സമയം, ഇവരുടെ ആശുപത്രി സന്ദര്‍ശനം തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. കൊവിഡ് 19 വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് യുഎസ്, നോര്‍വേ, കാനഡ, ബ്രിട്ടണ് എന്നീ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൊവിഡ് വൈറസിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണത്തിന്റെ അടുത്ത ഘട്ടം ചര്‍ച്ച ചെയ്യുന്നതിനായി ലോകാരോഗ്യസംഘടനയുടെ അടുത്ത യോഗം നടക്കാനിരിക്കേയാണ് പുതിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.
വുഹാനിലെ ലാബില്‍ നിന്നല്ല വൈറസ് ഉത്ഭവിച്ചതെന്ന് ഫെബ്രുവരിയില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥിരീകരിച്ചതാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലുള്ള സംഘത്തിന് പ്രാരംഭഘട്ടത്തിലെ ഡാറ്റകള്‍ നല്കാന് ചൈന വിസമ്മതിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഇത് അന്വേഷണത്തെ സങ്കീര്‍ണമാക്കുമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം തള്ളിക്കളയുകയാണ് ചൈന ചെയ്തത്.