ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന തീറ്റമത്സരത്തില്‍ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി മത്സരാർഥി മരിച്ചു. കഞ്ചിക്കോട് പുതുശ്ശേരി ആലാമരം ബി.സുരേഷ് (49) ആണ് മരിച്ചത്. ടിപ്പർ ലോറി ഡ്രൈവറാണ്.ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീടിനു സമീപം സുഹൃത്തുക്കള്‍ ചേർന്ന് നടത്തിയ ഓണാഘോഷ പരിപാടിക്കിടെയാണ് സംഭവം. ഇഡ്ഡലി തീറ്റ മത്സരത്തിനിടെ സുരേഷിന് ശ്വസതടസ്സമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വാളയാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും മരിച്ചു.
വിവാഹശേഷം സ്വകാര്യവീഡിയോ കാണിച്ച് ഭീഷണി, പണം തട്ടല്‍; വഞ്ചിതരായത് 15-ഓളം സ്ത്രീകള്‍
യുവതികളെ വിവാഹം കഴിച്ച് അശ്ലീല വീഡിയോകള്‍ പകർത്തിയശേഷം പണവും സ്വർണവും കൊള്ളയടിക്കുന്ന യുവാവ് പിടിയിലായി.ഒഡീഷയിലെ അങ്കുള്‍ സ്വദേശിയായ ബിരാഞ്ചി നാരായണ്‍ നാഥി(43)നെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 15-ഓളം സ്ത്രീകളെ ഇയാള്‍ കബളിപ്പിച്ചതായും പണവും സ്വർണവും ഉള്‍പ്പെടെ തട്ടിയെടുത്തതായും പോലീസ് പറഞ്ഞു. കട്ടക്ക് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ബിരാഞ്ചി നാഥിന്റെ വിവാഹത്തട്ടിപ്പ് പുറത്തറിഞ്ഞത്. മാട്രിമോണിയല്‍ വെബ്സൈറ്റുകളില്‍ രണ്ടാംവിവാഹത്തിന് പരസ്യം നല്‍കിയാണ് ഇയാള്‍ സ്ത്രീകളെ ബന്ധപ്പെട്ടിരുന്നത്.
പല പേരുകളിലാണ് വിവിധ വെബ്സൈറ്റുകളില്‍ പ്രതി രജിസ്റ്റർ ചെയ്തിരുന്നത്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഇയാള്‍ വിവാഹം ആലോചിച്ചിരുന്നത്. റെയില്‍വേ, ആദായനികുതി വകുപ്പ്, കസ്റ്റംസ് എന്നിങ്ങനെ പലരോടും പല വകുപ്പുകളിലാണ് ജോലിയെന്നും പറയും. പിന്നാലെ വിവാഹം നടത്തിയശേഷം പങ്കാളിക്കൊപ്പമുള്ള സ്വകാര്യവീഡിയോ ഫോണില്‍ പകർത്തും. തുടർന്ന് ഈ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി കൂടുതല്‍പണവും സ്വർണവും കൈക്കലാക്കുന്നതായിരുന്നു പ്രതിയുടെ രീതി.
കട്ടക്ക് സ്വദേശിനിയായ പരാതിക്കാരിയെയും ഇയാള്‍ സമാനരീതിയിലായിരുന്നു കബളിപ്പിച്ചത്.പരാതിക്കാരിയുടെ ആഭ്യഭർത്താവ് 2022-ല്‍ ഒരു വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇതിനുശേഷം 2023-ലാണ് യുവതി രണ്ടാംവിവാഹത്തിനായി മാട്രിമോണിയല്‍ വെബ്സൈറ്റില്‍ രജിസ്റ്റർ ചെയ്തത്. തുടർന്ന് ‘പ്രഭാകർ ശ്രീവാസ്തവ്’ എന്ന പേരില്‍ പ്രതിയുടെ വിവാഹാലോചനയെത്തി. റെയില്‍വേയില്‍ ടി.ടി.ഇ.യാണെന്നും ഒഡീഷയിലെ താല്ച്ചറാണ് സ്വദേശമെന്നും ഇയാള്‍ പരിചയപ്പെടുത്തി.
ഭാര്യയും അമ്മയും മരിച്ചെന്നും തീർത്തും ഒറ്റപ്പെട്ടതിനാലാണ് രണ്ടാംവിവാഹം ആലോചിക്കുന്നതെന്നും പ്രതി പറഞ്ഞു. തുടർന്ന് 2023 ഒക്ടോബർ ഏഴിന് ഇയാള്‍ പരാതിക്കാരിയുടെ വീട്ടിലെത്തി വിവാഹത്തിന് താത്പര്യമുണ്ടെന്ന് അറിയിച്ചു.ആലോചിക്കാൻ സമയം വേണമെന്ന് വീട്ടുകാർ മറുപടി നല്‍കിയെങ്കിലും പരാതിക്കാരിയുടെ ഫോണ്‍നമ്ബർ കൈവശപ്പെടുത്തിയ പ്രതി നിരന്തരം ഇവരെ ഫോണില്‍വിളിച്ചു. തുടർന്ന് ഫോണ്‍ വഴി സൗഹൃദം ദൃഢമായതോടെ പരാതിക്കാരിയും കുടുംബവും വിവാഹത്തിന് സമ്മതിച്ചു.
വിവാഹത്തിന് മുൻപ് തന്നെ യുവതിയുടെ നഗ്നവീഡിയോകോളുകള് പ്രതി റെക്കോഡ് ചെയ്തിരുന്നു. ഒഡീഷയ്ക്ക് പുറത്തേക്ക് യുവതിയെയും കൂട്ടി യാത്രയും പോയി. തുടർന്ന് വിവാഹശേഷം അഞ്ചുമാസത്തോളം യുവതിയുടെ വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇതിനിടെ സ്വകാര്യവീഡിയോകളും പകർത്തി. പിന്നാലെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപയും 32 ഗ്രാം സ്വർണവും കൈക്കലാക്കിയെന്നാണ് പരാതിക്കാരിയുടെ ആരോപണം.
അറസ്റ്റിലായ ബിരാഞ്ചി നാഥ് പൊളിറ്റിക്കല്‍ സയൻസില്‍ ബിരുദാനന്തര ബിരുദധാരിയാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്ക് സ്വദേശത്ത് ഭാര്യയും രണ്ട് മക്കളും മാതാപിതാക്കളും അടങ്ങുന്ന കുടുംബമുണ്ട്. ഒഡീഷയ്ക്ക് പുറമേ രാജസ്ഥാൻ, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാണ, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള യുവതികളും ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നും അന്വേഷണഉദ്യോഗസ്ഥർ പറഞ്ഞു.