കർണാടക : കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ കര്‍ണാടകയില്‍ വിശ്വാസവുമായി ബന്ധപ്പെട്ട കുതിരയുടെ ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തത് നൂറുകണക്കിന് പേര്‍. കര്‍ണാടകയിലെ ബലേഗാവ് ജില്ലയില്‍ നടന്ന സംഭവത്തെ തുടര്‍ന്ന് ഗ്രാമം അധികൃതര്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുകയും കോവിഡ് പരിശോധന ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കോവിഡ് കേസുകള്‍ രൂക്ഷമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ അനേകരാണ് മസ്തമറാഡി ഗ്രാമത്തില്‍ തോളോട് തോള്‍ ചേര്‍ന്ന് സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ പുറത്തു വന്നതോടെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രാദേശിക മതകേന്ദ്രവുമായി ബന്ധപ്പെട്ട കുതിരയാണ് ചത്തത്. കുതിരയ്ക്ക് അത്ഭുത സിദ്ധികള്‍ ഉള്ളതായി ഗ്രാമീണര്‍ വിശ്വസിച്ചിരുന്നു.
ഗ്രാമം എപ്പോള്‍ പ്രതിസന്ധിയില്‍ ആയാലും കുതിരയെ അഴിച്ചുവിടും. കോവിഡിന്റെ പ്രതിസന്ധി പരിഹരിക്കാനും ഗ്രാമീണര്‍ കുതിരയെ അഴിച്ചു വിട്ടിരുന്നു. എന്നാല്‍ ഇതിനിടയില്‍ കുതിര ചത്തുപോകുകയായിരുന്നു. തുടര്‍ന്ന് സംസ്‌ക്കാര ചടങ്ങില്‍ 400-500 പേരാണ് പങ്കെടുത്തത്. ആള്‍ക്കാരെ കൂട്ടിയതിന് 15 ഗ്രാമവാസികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. മതാചാരവുമായി ബന്ധപ്പെട്ട് വളര്‍ത്തപ്പെട്ട ഗ്രാമത്തില്‍ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന കുതിര രാവിലെയാണ് ചത്തത്. തുടര്‍ന്ന് പിന്നീട് നടന്ന സംസ്‌ക്കാര ഘോഷയാത്രയിലും മറ്റും അനേകരാണ് പങ്കെടുത്തത്.
*ബ്ലാക്ക് ഫംഗസിനും, വൈറ്റ് ഫംഗസിനും പിറകെ ഇതാ യെല്ലോ ഫംഗസും*
കേസ് എടുത്തതോടെ അടുത്ത 14 ദിവസത്തേക്ക് ഗ്രാമം അടച്ചിരിക്കുകയാണ്. എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ദേശിച്ചിരിക്കുകയാണ്. ആരേയും പുറത്തേക്ക് പോകാനോ ആരെങ്കിലും അകത്തേക്ക് വരാനോ അനുവാദമില്ല.
കോവിഡ് രണ്ടാം തരംഗത്തില്‍ കേസുകള്‍ ഉയര്‍ന്നതോടെ ജൂണ്‍ 7 വരെ ലോക്ഡൗണ്‍ നീട്ടാന്‍ നിര്‍ബ്ബന്ധിതമായിരിക്കുകയാണ് കര്‍ണാടക. 25,000 വൈറസ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആക്ടീവ് കേസുകളുടെ എണ്ണം 4.73 ലക്ഷമാണ്. മൊത്തം ബാധിതരുടെ എണ്ണം 24 ലക്ഷമായി മാറി. ഞായറാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 656 മരണങ്ങളാണ്. 26,000 പുതിയ കേസുകളും.