കാർവാർ: കർണാടകയില്‍ ദേശീയപാത 66-ല്‍ പാലം തകർന്ന് ലോറി പുഴയില്‍ വീണു. ലോറിയിലുണ്ടായിരുന്ന ഡ്രൈവറെ രക്ഷപ്പെടുത്തി.
സദാശിവഗഡിനെ കാർവാറുമായി ബന്ധിപ്പിക്കുന്ന പഴയ കാളി പാലമാണ് തകർന്നുവീണത്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഈ സമയത്ത് പാലത്തിലൂടെ കടന്നുപോകുകയായിരുന്ന ട്രക്ക് പുഴയിലേക്ക് പതിക്കുകയായിരുന്നു.
ഡ്രൈവറെ മത്സ്യത്തൊളിലാളികളാണ് രക്ഷപ്പെടുത്തിയത്. തമിഴ്നാട് സ്വദേശിയായ ബാല മുരുകൻ ആണ് രക്ഷപ്പെട്ടത്. ഇയാളെ കാർവാറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസ് ആശുപത്രിയിലേക്ക് മാറ്റിയതായി ഉത്തരകന്നഡ എസ്പി നാരായണ്‍ പറഞ്ഞു.
ഗോവയെയും കർണാടകയെയും ബന്ധിപ്പിക്കുന്ന കാളി നദിക്ക് കുറുകെയുള്ള 40 വർഷം പഴക്കമുള്ള പാലമാണിത്. പാലംതകർന്നതിനെത്തുടർന്ന് ഇതിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ട്.