ബെംഗളൂരു: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് അവശ്യ സാധനങ്ങൾ എത്തിച്ചുനൽകാൻ ബാംഗ്ലൂർ കേരളസമാജം.
പുതിയ വസ്ത്രങ്ങൾ, ബെഡ് ഷീറ്റുകൾ, പുതപ്പുകൾ, പായ്ക്കുചെയ്ത ഭക്ഷണസാധനങ്ങൾ, സാനിറ്ററി നാപ്കിനുകൾ, ഷോളുകൾ, സ്വെറ്ററുകൾ, സോപ്പ്, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ്, പാൽപ്പൊടി തുടങ്ങിയവ ശേഖരിച്ച് എത്തിച്ചുകൊടുക്കും. സാധനങ്ങൾ ഇന്ദിരാ നഗറിലെ കെ.എൻ.ഇ. ട്രസ്റ്റ് കാംപസിലെ കേരളസമാജം ഓഫീസിലെ സംഭരണ കേന്ദ്രത്തിലെത്തിക്കണം. ഫോൺ: 9845222688, 9036339194.
ബെംഗളൂരു: വയനാട്ടിൽ ഉരുൾപൊട്ടൽ നടന്നസ്ഥലത്ത് സഹായവുമായി ബെംഗളൂരുവിൽ മലയാളികളുടെ നേതൃത്വത്തിലുള്ള ഐഡിയൽ റിലീഫ് വിങ്ങും (ഐ.ആർ.ഡബ്ല്യു.) എച്ച്.ഡബ്ല്യു.എ. ചാരിറ്റബിൾ ഫൗണ്ടേഷനും. എച്ച്.ഡബ്ല്യു.എ. ചാരിറ്റബിൾ ഫൗണ്ടേഷന്റെ ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങളുമായി പത്തംഗസംഘമാണ് വയനാട്ടിലെത്തിയത്.
ദുരന്തനിവാരണ ആവശ്യങ്ങൾക്കുള്ള അടിയന്തരസാമഗ്രികൾ, മരുന്നുകൾ, വസ്ത്രങ്ങൾ തുടങ്ങിയവയുമായാണ് സംഘം യാത്രതിരിച്ചത്. ദൗത്യസംഘം സ്ഥലംസന്ദർശിച്ച് വിവരങ്ങൾ നൽകുന്നതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിൽനിന്ന് സാധ്യമായ എല്ലാസഹായങ്ങളും നൽകാൻ ഐ.ആർ.ഡബ്ല്യു.-എച്ച്.ഡബ്ല്യു.എ. ടീം തയ്യാറാണെന്ന് ഭാരവാഹികളറിയിച്ചു. ബെംഗളൂരു കോൾസ് പാർക്കിലെ എച്ച്.ഡബ്ല്യു.എ. ഓഫീസിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഫോൺ: 9620964215, 9740102004.