ബംഗളൂരു: തമിഴ്നാട് ഹൊസൂരിനടുത്ത് ധർമപുരിയില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു.
ബംഗളൂരു രാമമൂർത്തി നഗറിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ പെരിന്തല്‍മണ്ണ രാമപുരം പനങ്ങാങ്ങര 38ലെ മേലേടത്ത് ഇബ്രാഹിം-അരിപ്ര താവളേങ്ങല്‍ സുലൈഖ ദമ്ബതികളുടെ മകൻ എം. ബിൻഷാദ് എന്ന ബിനു (25), ഹെബ്ബാളിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയൻസസിലെ നഴ്സിങ് വിദ്യാർഥി തിരൂർ പയ്യനങ്ങാടി മച്ചിഞ്ചേരി ഹൗസില്‍ കബീർ-ഹസ്നത്ത് ദമ്ബതികളുടെ മകൻ നംഷി (23) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ഫിസിയോതെറപ്പി വിദ്യാർഥി ഷാനിബ് (23), നഴ്സിങ് വിദ്യാർഥി രോഹിത് (20) എന്നിവർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബംഗളൂരു-സേലം ദേശീയപാതയില്‍ ധർമപുരി പാലക്കോടിനടുത്ത് വ്യാഴാഴ്ച അർധരാത്രി ഒന്നരയോടെയാണ് അപകടം.
രണ്ട് ബൈക്കുകളിലായി വ്യാഴാഴ്ച രാത്രി 10ന് ബംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു നാലുപേരും. ദേശീയപാതയില്‍ പാലക്കോട് ഭാഗത്ത് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗതം വഴിതിരിച്ചിരുന്നു. വെളിച്ചം തീരെയില്ലാത്ത ഈ ഭാഗത്ത് മണ്‍റോഡായിരുന്നു. മഴയില്‍ ചളിയുണ്ടായിരുന്നതിനാല്‍ നംഷിയും രോഹിതും സഞ്ചരിച്ച ബൈക്ക് തെന്നിവീണു. വീഴ്ചയില്‍ നംഷിയുടെ കാലിന് പരിക്കും, ബൈക്കിന് കേടുപാടും സംഭവിച്ചു. ബൈക്ക് റോഡരികിലേക്ക് മാറ്റിയശേഷം ബിൻഷാദ് നംഷിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കവെ അമിതവേഗത്തിലെത്തിയ ഫോർച്യൂണർ കാർ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഈ സമയം രോഹിതും ഷാനിബും റോഡരികിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു. ഇരുട്ടൂമൂടിയ സ്ഥലത്ത് 15 മിനിറ്റോളം തെരച്ചില്‍ നടത്തിയശേഷമാണ് ഇവരെ കണ്ടെത്താനായത്.
ഇടിയുടെ ആഘാതത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചു. അപകടം വരുത്തിയ കർണാടക രജിസ്ട്രേഷനിലുള്ള കാർ 300 മീറ്റർ അകലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുനിന്നു. ഇതിലെ യാത്രക്കാർ ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. ഇവരെ പിന്നീട് പൊലീസ് പിടികൂടി. മൃതദേഹങ്ങള്‍ ധർമപുരി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.
തിരൂർക്കാട് നസ്രാ കോളജ് വിദ്യാർഥിനി റിൻഷാ മോളാണ് മരണപ്പെട്ട ബിൻഷാദിന്റെ സഹോദരി. നംഷിയുടെ സഹോദരങ്ങള്‍: നസീമുദ്ദീൻ, മുഹമ്മദ് നഹീം, മുഹമ്മദ് നഫ്സല്‍, മുഹമ്മദ് നബ്ഹാൻ.