റാഗിഗുഡ്ഡ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് (സിഎസ്ബി) ജംഗ്ഷൻ വരെയുള്ള 3.3 കിലോമീറ്റർ ദൈർഘ്യമുള്ള ഡബിൾ ഡെക്കർ ബംഗളൂരു മേൽപ്പാലം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തുറക്കും. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, ഗതാഗത മന്ത്രിയും ബിടിഎം ലേഔട്ട് എംഎൽഎയുമായ രാമലിംഗ റെഡ്ഡി, മറ്റ് പ്രാദേശിക എംഎൽഎമാർ എന്നിവർ ചേർന്ന് മേൽപ്പാലം ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
മുകളിലത്തെ ഡെക്കിൽ എലിവേറ്റഡ് മെട്രോ ഇടനാഴിയും വാഹന ഗതാഗതത്തിനായി താഴത്തെ ഡെക്കിൽ ഒരു എലിവേറ്റഡ് റോഡും ഉൾക്കൊള്ളുന്നതാണ് ഡബിൾ ഡെക്കർ-ഫ്ലൈഓവർ. ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) വാഹന ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ വൈകിയതിനെത്തുടർന്ന് മേൽപ്പാലം ബലമായി തുറക്കുമെന്ന് കഴിഞ്ഞയാഴ്ച എഎപി നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു. കുപ്രസിദ്ധമായ സിഎസ്ബി ജംക്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് മേൽപ്പാലം നിർമ്മിച്ചിരിക്കുന്നത്.